കനത്ത മഴയിൽ കടയ്ക്കാവൂരിൽ വീടിന്റെ ചുവർ ഇളകിമാറി ഏതു നിമിഷവും നിലംപൊത്താറായ അവസ്ഥയിൽ

കടയ്ക്കാവൂർ : കനത്ത മഴയിൽ കടയ്ക്കാവൂരിൽ വീടിന്റെ ചുവർ ഇളകിമാറി ഏതു നിമിഷവും നിലംപൊത്താറായ അവസ്ഥയിൽ. കടയ്ക്കാവൂർ പഞ്ചായത്തിലെ തിനവിള നെടിയവിളവീട്ടിൽ ഷിബുവിന്റെ വീടിനാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കേടുപാട് സംഭവിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ വീടിന്റെ അടുക്കള ഭാഗത്തെ മേൽക്കൂര പൊളിഞ്ഞുവീണ് ചുവരിളകി മാറുകയായിരുന്നു.

സംഭവം നടക്കുമ്പോൾ ഷിബുവിന്റെ ഭാര്യ അജിത അടുക്കളയിൽ ജോലിയിലായിരുന്നു. കൂലിപ്പണിക്കാരനായ ഷിബുവും ഭാര്യ അജിതയും മൂന്നു മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്.

ഇളകിമാറിയ ചുവർ ഏതുനിമിഷവും വീഴുന്ന അവസ്ഥയിലായതിനാൽ ഷിബുവും കുടുംബവും സമീപത്തുള്ള ബന്ധുവിന്റെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.