ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടണ്ട, ജാനകി നിയമവിരുദ്ധമാകുന്നത് എങ്ങനെ? ; സെന്‍സര്‍ ബോര്‍ഡിന് കേരള ഹൈക്കോടതിയുടെ മുന്നറിയിപ്പ്

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ കേരള ഹൈക്കോടതി. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്ന് സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ജാനകിയെന്ന വാക്ക് നിയമവിരുദ്ധമാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. ഒപ്പം എല്ലാ പേരുകളും ഏതെങ്കിലുമൊക്കെ ദൈവത്തിന്റെ പേരിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.സംവിധായകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് നിങ്ങളെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി പറഞ്ഞു.സിനിമയ്ക്ക് എന്ത് പേരിടണമെന്ന് സെന്‍സര്‍ ബോര്‍ഡ് കല്പിക്കുകയാണോയെന്നും കോടതി ചോദിച്ചു. ജാനകിയെന്ന പേര് എന്തിന് മാറ്റണമെന്ന കാര്യത്തില്‍ മതിയായ കാരണം വ്യക്തമാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നടപടികള്‍ നീട്ടിക്കൊണ്ടു പോകാന്‍ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കാന്‍ മാറ്റി.അതേസമയം കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ശുഭപ്രതീക്ഷയും ധൈര്യവും നല്‍കുന്ന പരാമര്‍ശങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോടതിയുടെ പരാമര്‍ശങ്ങളില്‍ വലിയ സന്തോഷമെന്നും ബി. ഉണ്ണി കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.