കെഎസ്ആർടിസി റിട്ട. സ്റ്റേഷൻ മാസ്റ്ററെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നെടുമങ്ങാട് നെട്ടിറച്ചിറ ആസിഫ് മൻസിലിൽ അഷ്‌റഫി(68)നെയാണ് ശനിയാഴ്ച പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്കുതാമസിക്കുന്ന അഷ്‌റഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
അഷ്റഫിന്റെ ഭാര്യ മാജിദ രണ്ടുവർഷം മുൻപ് മരിച്ചുപോയി. ഏക മകൻ ഡോ. ആസിഫ് തൃശ്ശൂർ മെഡിക്കൽ കോേളജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.
ഭാര്യക്കു കുടുംബ ഓഹരിയായി കിട്ടിയ ഭൂമിയിൽനിന്ന് ആദായമെടുക്കാനായി പണിക്കാരനെയുംകൂട്ടി കഴിഞ്ഞ തിങ്കളാഴ്ച പറമ്പിലെത്തിയ അഷ്‌റഫിനെ സമീപത്തു താമസിക്കുന്ന ഭാര്യാസഹോദരൻ ഷാജഹാൻ തടഞ്ഞിരുന്നു.
തന്നെ ഷാജഹാൻ മർദിച്ചുവെന്നുകാട്ടി നെടുമങ്ങാട് പോലീസിൽ അഷ്റഫ് പരാതിനൽകിയിരുന്നു.
മർദനത്തിൽ പരിക്കേറ്റ അഷ്‌റഫ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. പരാതിയുടെ അടിസ്ഥാനത്തിൽ അഷ്‌റഫിനെയും ഷാജഹാനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പരാതി പരിഹരിച്ചിരുന്നതായി നെടുമങ്ങാട് സിഐ പറഞ്ഞു.