നേമം ഗവൺമെൻ്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഹല്യ. അമ്മ ലേഖയ്ക്ക് സുഖമില്ലാതിരുന്നതിനാൽ ഇന്ന് രാവിലെ അച്ഛൻ ശ്യാമുമൊത്ത് ആശുപത്രിയിലേക്ക് പോയിരുന്നു. ഇതിനായി തയ്യാറാകുമ്പോൾ അഹല്യ അടിതെറ്റി വീണു. ഇതിൻ്റെ പേരിൽ അമ്മ വഴക്കുപറഞ്ഞെന്നും അടി നൽകിയെന്നുമാണ് പൊലീസ് പറയുന്നത്.
അച്ഛനും അമ്മയും പുറത്തുപോകുന്നതിനാൽ അടി തെറ്റി വീഴാതെ ഒരിടത്ത് അടങ്ങി ഇരിക്കണം എന്ന് പറഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അച്ഛന്റെ സഹോദരിക്കൊപ്പമാണ് അഹല്യയെ വീട്ടിലാക്കി മാതാപിതാക്കൾ ആശുപത്രിയിലേക്ക് പോയത്. അവർ കുട്ടിക്ക് കഴിക്കാൻ ഭക്ഷണം പാകം ചെയ്ത ശേഷം കഴിക്കാൻ വിളിച്ച നേരം കുട്ടി വന്നില്ല. വീടിനുള്ളിലെ മുറിയിൽ അടച്ചിരുന്ന കുട്ടി വിളിച്ചിട്ടും തുറക്കാഞ്ഞതോടെ ഇവർ ജനാല വഴി മുറിക്കകത്തേക്ക് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നേമം പോലീസ് സംഭവത്തിൽ കേസെടുത്തു. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.