ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ദേശീയപാത തകര്‍ന്ന വിഷയത്തില്‍ എന്‍എച്ച്എഐയെ വിമര്‍ശിച്ച് ഹൈക്കോടതി. ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നതെന്നും സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മലപ്പുറത്ത് ദേശീയപാത തകര്‍ന്നതിന് ശേഷവും റോഡ് നിര്‍മാണത്തില്‍ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി എന്‍എച്ച്എഐയ്ക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.അതേസമയം, തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ പറഞ്ഞു. ഈ മാസം 16 ന് മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു.