മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു

മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. മണല്‍ നീക്കം തടസപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് കോസ്റ്റല്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ ഹാര്‍ബര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികളായ പ്രതിഷേധക്കാര്‍ തള്ളിക്കയറിയിരുന്നു.

മുജീബിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് സംഘത്തിന് നേരെ മത്സ്യത്തൊഴിലാളികള്‍ പാഞ്ഞടുത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്ന് രാവിലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിക്കുകയാണ്. ഉപകരണങ്ങൾ  എത്തിച്ചിട്ടും മണല്‍ നീക്കാന്‍ സാധിച്ചിരുന്നില്ല. പൊഴി മൂടിപ്പോവാനുള്ള സാധ്യതയുണ്ട്. ഇതിന് പിന്നാലെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്