ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ വെന്റിലേറ്ററിൽ; നില അതീവ​ഗുരുതരം

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില അതീവ​ഗുരുതരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എംഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഫാൻ ജീവൻ നിലനിർത്തുന്നത്. ഗുരുതരമായ നിലയെ തുടർന്ന് അഫാന് ഫിറ്റ്സ് വന്നുവെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യുടി ബ്ലോക്കിലായിരുന്നു അഫാന്‍ കഴിഞ്ഞിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് അധികൃതരോട് ആവശ്യപ്പെട്ട അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഏറെ വൈകിയിട്ടും അഫാൻ തുറക്കാതെ വന്നതോടെ വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചതോടെയാണ് അഫാൻ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ വാർഡൻ മറ്റ് ഉദ്യോ​ഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.