വെയിറ്റിങ് ലിസ്റ്റുകാർക്ക് ഇനി സ്ലീപറിലും എ സിയിലും യാത്ര ചെയ്യാനാകില്ല; തത്കാലിൽ അടക്കമുള്ള മാറ്റങ്ങൾ ഇതാ

തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ അടക്കം നിർണായക മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. മാറ്റങ്ങൾ മെയ് ഒന്ന് മുതൽ നിലവിൽവന്നു. പുതിയ നിയമം അനുസരിച്ച്, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ഉപയോഗിച്ച് ഇനി ജനറല്‍ (അണ്‍ റിസര്‍വ്ഡ്) കോച്ചുകളിൽ മാത്രമേ യാത്ര ചെയ്യാനാകൂ. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാരെ ഒരു സാഹചര്യത്തിലും സ്ലീപ്പറിലോ എ സി കോച്ചുകളിലോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ഈ റിസര്‍വ്ഡ് ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയോ ട്രെയിനില്‍ നിന്ന് ഇറക്കി വിടുകയോ ചെയ്യും.

മുന്‍കൂര്‍ ട്രെയിന്‍ റിസര്‍വേഷനിലെ മാറ്റങ്ങള്‍

ഇതുവരെ യാത്രാ തീയതിക്ക് 120 ദിവസം മുമ്പ് ബുക്ക് ചെയ്യാന്‍ റെയില്‍വേ അനുവദിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച്, യാത്രക്കാര്‍ക്ക് 60 ദിവസം മുമ്പ് മാത്രമേ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ.തത്കാല്‍ സേവനങ്ങള്‍ക്കുള്ള പുതിയ നിയമങ്ങള്‍

മെയ് ഒന്ന് മുതല്‍, തത്കാല്‍ ടിക്കറ്റ് ബുക്കിങിന് ആധാര്‍ പരിശോധന നിര്‍ബന്ധമാകും. കൺഫേം ആയ തത്കാല്‍ ടിക്കറ്റിന് റീഫണ്ട് നല്‍കില്ല. സാധാരണ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി ഏജന്റുമാരുടെ ബുക്കിങുകള്‍ ആദ്യ 30 മിനുട്ട് തടയും.

ചില സേവനങ്ങളുടെ നിരക്കിലും റെയില്‍വേ മാറ്റങ്ങള്‍ വരുത്തി. നേരത്തേ റിസര്‍വേഷന്‍ ടിക്കറ്റ് നിരക്കുകള്‍ 20 രൂപ മുതല്‍ 60 രൂപ വരെയായിരുന്നു. ഇപ്പോള്‍ 30- 80 രൂപയാക്കി. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ ചാര്‍ജുകള്‍ ഇപ്പോള്‍ 15- 75 രൂപയിൽ നിന്ന് 20- 100 രൂപയായി ഉയരും. തത്കാല്‍ ടിക്കറ്റ് നിരക്കുകളും മാറും. മുമ്പത്തെ 10- 500 രൂപ നിരക്ക് 20- 600 രൂപയായി ഉയരും.