വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്ശിക്ഷ വിധിച്ചു

കടയ്ക്കാവൂർ : വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്ശിക്ഷ വിധിച്ചു. മേൽകടയ്ക്കാവൂർ പോളച്ചിറ സൂര്യ ഭവനിൽ സുജിത് കുമാറി(32)നാണ് വർക്കല അതിവേഗ കോടതി ജഡ്ജി സിനി.എസ്.ആർ ജീവിതാന്ത്യം വരെ തടവ് ശിക്ഷ വിധിച്ചത്. ബലാത്സംഗത്തിന് ജീവിതാന്ത്യം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, പിഴ അടയ്ക്കാതിരുന്നാൽ ഒരു വർഷം കൂടി കഠിനതടവും ഭീഷണിപ്പെടുത്തിയതിന് 2വർഷം വെറുംതടവും അമ്പതിനായിരം രൂപ പിഴയും, പിഴ അടയ്ക്കാതിരുന്നാൽ ആറ് മാസം കൂടി വെറും തടവുമാണ് ശിക്ഷ. പിഴ അടയ്ക്കുന്ന പക്ഷം അതിൽനിന്ന് ഒരു ലക്ഷം രൂപ ഇരയായ വീട്ടമ്മയ്ക്ക് നൽകണമെന്നും കൂടാതെ കൂടുതൽ നഷ്ടപരിഹാരം നല്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് നിർദ്ദേശവും നല്കിയതായി കോടതി ഉത്തരവിൽ പറയുന്നു. 2016ൽ കടയ്ക്കാവൂർ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന എൻ.സുരേഷ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ജി.ബി.മുകേഷാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.ഹേമചന്ദ്രൻ നായർ ഹാജരായി.ജി.വി.പ്രിയ പ്രോസിക്യൂഷൻ ലെയ്സൺ ഓഫീസറുടെ ചുമതല വഹിച്ചു.