മുതലപ്പൊഴിയിലെ മണൽനീക്കം അനിശ്ചിതത്വത്തിൽ

ചിറയിൻകീഴ് : മണൽനീക്കത്തിനായി പൊഴിയിലെത്തിച്ച ചന്ദ്രഗിരി െഡ്രജ്ജറിനു തകരാറുണ്ടായതോടെ മുതലപ്പൊഴിയിലെ മണൽനീക്കം അനിശ്ചിതത്വത്തിലായി.
െഡ്രജ്ജിങ്ങിനു സഹായിക്കുന്ന യന്ത്രഭാഗത്തെ റബ്ബർ ബെൽറ്റ് പൊട്ടിയതാണ് പണി ഇനിയും നീളുമെന്ന സൂചന നൽകിയത്. െഡ്രജ്ജിങ് ആരംഭിക്കാൻ ആവശ്യമായ പൈപ്പുകളുടെ എണ്ണക്കുറവാണ് ആദ്യം ആശങ്കയിലാഴ്ത്തിയത്.അതു പരിഹരിക്കാൻ കൂടുതൽ പൈപ്പുകൾ ബുധനാഴ്ച വൈകീട്ടോടെ മുതലപ്പൊഴിയിലെത്തിക്കാൻ ഉദ്യോഗസ്ഥർക്കായി. പിന്നീടാണ് പമ്പിന്റെ ബെൽറ്റ് പൊട്ടിയത്.

വ്യാഴാഴ്ചമുതൽ മണൽനീക്കാൻ കഴിയുമെന്ന് ഉറപ്പുനൽകിയ ഉദ്യോഗസ്ഥർ ഇതോടെ അങ്കലാപ്പിലായി. എറണാകുളത്തുനിന്ന്‌ റബ്ബർ ബെൽറ്റ് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളെ അറിയിച്ചു. അതേസമയം ചെറിയ െഡ്രജ്ജറും മണ്ണുമാന്തിയും ഉപയോഗിച്ച് പൊഴിമുഖത്തുനിന്നു മാറ്റിയ മണൽ വീണ്ടും പൊഴിമുഖത്തെ മൂടാൻ തുടങ്ങിയിട്ടുണ്ട്. മണ്ണുമാന്തി ഉപയോഗിച്ച് ഇവ നീക്കുന്നുണ്ടെങ്കിലും രാത്രിയിൽ വൻതോതിൽ മണലടിയുന്നതു പ്രതിസന്ധി വർധിപ്പിക്കുകയാണ്.
െഡ്രജ്ജർ ചാനലിൽ എത്തിച്ചെങ്കിലും മണൽനീക്കം വൈകുന്നതിൽ മത്സ്യത്തൊഴിലാളികൾ കടുത്ത അതൃപ്തിയിലാണ്.

അഴിമുഖത്ത് വള്ളങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ വള്ളങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നുള്ള ഹാർബർ എക്‌സിക്യുട്ടീവ് എൻജിനിയറുടെ അഭ്യർഥന തൊഴിലാളികളെ പ്രകോപിപ്പിക്കുകയും വാക്കുതർക്കത്തിനു കാരണമാവുകയും ചെയ്തു.

ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. വാഹിദ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. െഡ്രജ്ജറിന്റെ തകരാർ പരിഹരിച്ചാലുടൻ മണൽനീക്കാൻ തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.നീക്കംചെയ്ത മണൽ വീണ്ടും പൊഴിമുഖം മൂടാൻ തുടങ്ങിയതോടെ തുടർച്ചയായി വള്ളങ്ങൾ അപകടത്തിൽപ്പെടുന്നു.

വ്യാഴാഴ്ച മൂന്നു വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലിനും രാവിലെ ആറിനും പത്തിനും വള്ളങ്ങൾ അപകടത്തിൽപ്പെട്ടു.മീൻപിടിത്തത്തിനായി കടലിലേക്കു പോകുന്നതിനിടെയാണ് അപകടം. അഴിമുഖത്തെ ആഴക്കുറവുകാരണം ശക്തമായ തിരയിൽ വള്ളങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് കീഴ്‌മേൽ മറിയുകയായിരുന്നു.

ബുധൻ, വ്യാഴം ദിവസങ്ങളിലായി ആറു വള്ളങ്ങളാണ് പൊഴിമുഖത്ത് അപകടത്തിൽപ്പെട്ടത്. ഇതുകൂടാതെ ശക്തമായ തിരയടിയിൽ രണ്ടു വള്ളങ്ങൾ കടലിലും അപകടത്തിൽപ്പെട്ടു.കടലിൽവീണ മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെടുകയായിരുന്നു. പത്തും പതിനഞ്ചും തൊഴിലാളികൾ സഞ്ചരിക്കുന്ന വള്ളങ്ങൾ അപകടത്തിൽപ്പെടുന്നത് തീരത്ത് ആശങ്ക പടർത്തുന്നുണ്ട്.