ഇണക്കമുള്ളതിനെ നോക്കി വാങ്ങി, പക്ഷേ, ദിവസങ്ങൾക്കുള്ളില്‍ സിംഹം ഉടമയെ കൊലപ്പെടുത്തി, സംഭവം ഇറാഖില്‍

ഇറാഖുകാരനായ 50 വയസുകാരൻ അഖിൽ ഫഖർ അൽ-ദിൻ, ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരു ഇണക്കമുള്ള സിംഹത്തെ വാങ്ങിയത്. എന്നാല്‍, ദൗർഭാഗ്യകരമെന്ന് പറയട്ടെ വന്യമൃഗങ്ങളെ വളർത്തി പരിചയമുണ്ടായിട്ട് പോലും ആൽ-ദിൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് തന്‍റെ പൂന്തോട്ടത്തിൽ നില്‍ക്കവെ സിംഹത്തിന്‍റെ ആക്രമണത്തിന് ഇരയായി, കൊല്ലപ്പെട്ടെന്ന് അൽ-ഗാദ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമിച്ച് കൊല്ലുക മാത്രമല്ല, അഖിൽ ഫഖർ അൽ-ദിന്‍റെ മൃതദേഹം സിംഹം ഏതാണ്ട് പാതിയോളം തിന്ന് തീര്‍ക്കുകയും ചെയ്തു. അടുത്തിടെ സ്വന്തമാക്കിയ സിംഹത്തെ അല്‍ ദിന്‍, മറ്റ് മൃഗങ്ങളെ താമസിപ്പിച്ചിരിക്കുന്നതിന് അടുത്തായാണ് താമസിപ്പിച്ചത്. അതും പ്രത്യേക കൂട്ടില്‍. ഭക്ഷണം നല്‍കാനായി കൂട്ടിലെത്തിയ അല്‍ ദിനെ സിംഹം അപ്രതീക്ഷിതമായി അക്രമിക്കുകയായിരുന്നു. അൽ-ദിൻ സിംഹക്കൂട്ടിന്‍റെ ചുറ്റുമതിലിനടുത്തെത്തിയപ്പോൾ സിംഹം അൽ-ദിന്നിന് നേരെ പാഞ്ഞടുക്കുകയും കഴുത്തിനും നെഞ്ചിലും കടിക്കുകയുമായിരുന്നെന്ന് അൽ-ഗാഡ് റിപ്പോര്‍ട്ട് ചെയ്തു.