ശിവഗിരി : നവീനമായ ആശയങ്ങള്‍ ലോകത്തിന് സംഭാവന ചെയ്ത പുണ്യാത്മാവാണ് ശ്രീനാരായണ ഗുരുദേവന് എന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. വടകര സിദ്ധാശ്രമത്തില്‍ നിന്നും പഠനയാത്രയുടെ ഭാഗമായി ശിവഗിരി മഠത്തിലെത്തിയ മഠം ഭാരവാഹികളുടെയും അന്തേവാസികളുടെയും യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. സമഭക്തിയോടും സമബുദ്ധിയോടും കൂടി എല്ലാവരും എല്ലാ മതങ്ങളെയും പറ്റി പഠിക്കണമെന്നും ഗുരുദേവന് ഉപദേശിച്ചിരുന്നു. ഗുരുദേവനെയും ഗുരുദേവദര്‍ശനത്തെയും ശിവഗിരി മഠത്തെയും ശാഖകളെയും സച്ചിദാനന്ദസ്വാമി തുടര്‍ന്ന് പരിചയപ്പെടുത്തി. ഗുരുദേവന് അനുകമ്പയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയിരുന്നു. എല്ലാവര്ക്കും ഉരുവിടാവുന്നതാണ് ഗുരു രചിച്ച ദൈവദശകം സര്‍വ്വമത പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയും സിദ്ധാശ്രമത്തിന്റെ പ്രാര്‍ത്ഥനയും യോഗത്തില്‍ ആലപിക്കുകയുണ്ടായി. ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സിദ്ധ സമാജം ജനറല്‍ പ്രസിഡന്റ് എസ്. സവ്യസാചി , ജനറല്‍ പ്രതിനിധി എസ്. സനന്ദന്‍, ജനറല്‍ ഖജാന്‍ജി എസ് . ജയപ്രകാശ് എന്നിവരും പ്രസംഗിച്ചു. 150 ഓളം പേര് സംഘത്തില്‍ ഉണ്ടായിരുന്നു.