കടയ്ക്കാവൂർ: ഏറെ നാളത്തെ പ്രതിഷേധത്തിനും സമരങ്ങൾക്കുമൊടുവിലാണ് മീരാൻകടവ് പാലത്തിൽ നിന്ന് വക്കം മാടൻനടയിലേയ്ക്ക് പോകുന്ന 200 മീറ്റർ ദൈർഘ്യം വരുന്ന അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ചത്.വർഷങ്ങളായി ആലംകോട് മീരാൻകടവ് റോഡ് പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് മീരാൻകടവിലേക്ക് പ്രവേശിക്കുന്ന അപ്രോച്ച് റോഡ് ഉയരം കൂട്ടി ആദ്യഘട്ട ടാറിംഗ് പണികൾ പൂർത്തീകരിച്ചത്. റോഡിന്റെ സംരക്ഷണ തൂണുകൾ കഴിഞ്ഞുള്ള റോഡിന്റെ വശങ്ങളിൽ വൻ താഴ്ചയാണ്. ഈ ഭാഗത്ത് നിരവധി വീടുകളുണ്ട്. അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗം 5 മീറ്ററിൽ തുടങ്ങി പാലമെത്തുന്ന ഭാഗം 12 മീറ്റർ വരെ ഉയരത്തിലാണ് മുമ്പുണ്ടായിരുന്നത്. റോഡിന്റെ ഉയരം വർദ്ധിച്ചതോടെ നിലവിൽ റോഡ് തുടങ്ങുന്ന ഭാഗം 5 സെന്റീമീറ്ററിൽ തുടങ്ങി പാലത്തിലെത്തുമ്പോൾ 8 സെന്റീമീറ്റർ മാത്രമാണ് സംരക്ഷണ തൂണുകളുടെ ഉയരം.അവസാനഘട്ട ടാറിംഗ് പൂർത്തീകരിക്കുന്നതോടെ ഇനിയും സംരക്ഷണ തൂണുകളുടെ ഉയരം കുറയുകയും റോഡിന് സമാനമായി മാറുകയും ചെയ്യും. അതോടെ ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാകും. റോഡിന്റെ നിലവിലുള്ള സംരക്ഷണ തൂണുകളുടെ ഉയരം വർദ്ധിപ്പിച്ച് സംരക്ഷണ കവചം സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.