പവര്‍ പ്ലേയിൽ തന്നെ 5 വിക്കറ്റുകൾ നഷ്ടമായതാണ് രാജസ്ഥാന് തിരിച്ചടിയായത്. അവസാന മത്സരത്തിൽ സെഞ്ച്വറിയുമായി ഞെട്ടിച്ച 14കാരൻ വൈഭവ് സൂര്യവൻഷി നേരിട്ട രണ്ടാം പന്തിൽ തന്നെ റൺസ് നേടാനാകാതെ മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ആര്‍ക്കും നിലയുറപ്പിക്കാനായില്ല. യശസ്വി ജയ്സ്വാൾ (13), നിതീഷ് റാണ (9), നായകൻ റിയാൻ പരാഗ് (16), ഷിമ്രോൺ ഹെറ്റ്മയര്‍ (0) എന്നിവര്‍ പവര്‍ പ്ലേയിൽ തന്നെ കൂടാരം കയറി. പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ രോഹിത് ശര്‍മ്മയെ തിരിച്ചുവിളിച്ച് കരൺ ശര്‍മ്മയെ ഇംപാക്ട് പ്ലെയറായി കളത്തിലിറക്കിയ നായകൻ ഹാര്‍ദിക് പാണ്ഡ്യയുടെ തന്ത്രം ഫലം കണ്ടു. ആദ്യ ഓവറിൽ തന്നെ ധ്രുവ് ജുറെലിനെ കരൺ ശര്‍മ്മ മടക്കിയയച്ചു. ഇതോടെ രാജസ്ഥാൻ (76/7) പരാജയം ഉറപ്പിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തി. വാലറ്റക്കാരായ മഹീഷ് തീക്ഷണയെയും കുമാർ കാർത്തികേയയെയും കരൺ ശർമ്മ പുറത്താക്കി. 27 പന്തിൽ 30 റൺസ് നേടിയ ജോഫ്ര ആർച്ചറിനെ പുറത്താക്കി ബോൾട്ട് രാജസ്ഥാന്റെ നെഞ്ചിലെ അവസാന ആണിയും അടിച്ചു.