ചിറയിൻകീഴ് : അമൃത് ഭാരത് പദ്ധതിയിലൂടെ അടിമുടി മാറി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ. അമൃത് ഭാരത് പദ്ധതിയിലൂടെ 7 കോടി രൂപയുടെ വികസനപദ്ധതികളാണ് ചിറയിൻകീഴിൽ നടപ്പാക്കിയത്. സ്റ്റേഷന്റെ മുഖച്ഛായമാറ്റിയ നവീകരണപ്രവർത്തനങ്ങളാണ് നടന്നത്.
വിശാലമായ വാഹന പാർക്കിങ്ങും പ്രധാന സ്റ്റേഷൻ മന്ദിരത്തിന്റെ മാറ്റവുമാണ് എടുത്തുപറയേണ്ടത്. മൂന്ന് ഏക്കറോളംവരുന്ന ചിറയിൻകീഴിലെ റെയിൽവേ ഭൂമിയിലാണ് വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയത്.
വിശാലമായ പാർക്കിങ് യാർഡ്, മനോഹരമായ പ്രവേശനകവാടം എന്നിവയും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്നവയാണ്. ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിനു സമീപം സർവറോഡിന് അഭിമുഖമായാണ് പ്രവേശനകവാടം. ഒരേസമയം അഞ്ഞൂറോളം വാഹന പാർക്കിങ്ങിന് ഇവിടെ സൗകര്യമുണ്ട്. സ്റ്റേഷൻ സമുച്ചയനവീകരണം, കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർക്കൽ, സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ടിക്കറ്റ് വിതരണകേന്ദ്രം, സ്ത്രീകളുടെ വിശ്രമമുറി, ശൗചാലയങ്ങൾ, സ്റ്റേഷൻ സമുച്ചയത്തിന്റെയും പ്ലാറ്റ്ഫോമുകളുടെയും റൂഫിങ്, പ്ലാറ്റ്ഫോമുകൾ ടൈൽ പാകി നവീകരിക്കൽ, ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചുള്ള ഫൂട്ട് ഓവർബ്രിഡ്ജ്, മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണം, ചുറ്റുമതിൽകെട്ടി സംരക്ഷണമൊരുക്കൽ, ഡ്രെയിനേജ് സംവിധാനം, സ്റ്റേഷനിലും പാർക്കിങ് ഗ്രൗണ്ടിലും വൈദ്യുത ദീപമൊരുക്കൽ, പ്ലാറ്റ്ഫോമുകളുടെ നീളംകൂട്ടൽ, ഫാനുകളും ശുദ്ധജല സംവിധാനവുമൊരുക്കൽ, ഭക്ഷണശാല, യാത്രക്കാരുടെ സൗകര്യാർഥമുള്ള വിപണനശാലകൾ എന്നിവയാണ് പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ചത്. രണ്ടു ഘട്ടങ്ങളിലൂടെയാണ് പ്രവൃത്തികൾ പൂർത്തീകരിച്ചത്.
ചിറയിൻകീഴിലെ സ്റ്റേഷൻ നവീകരണപ്രവൃത്തികൾ പൂർത്തിയാക്കാൻ മാസങ്ങൾ മാത്രമാണ് റെയിൽവേക്കു വേണ്ടിവന്നത്.രാജ്യത്തുടനീളമുള്ള 103 അമൃത് സ്റ്റേഷനുകൾ വ്യാഴാഴ്ച വീഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ഡിവിഷനിൽ കുഴിത്തുറൈ, ചിറയിൻകീഴ് അമൃത് സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശഭക്തി വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് പ്രാദേശിക ചടങ്ങിനുശേഷം അതത് സ്റ്റേഷനുകളിൽ രാവിലെ 10.30മുതൽ തത്സമയം കാണാവുന്നതാണ്.
പാസഞ്ചർ അസോസിയേഷനുകൾ, സ്‌കൂൾ, കോളേജ് വിദ്യാർഥികൾ, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡുകൾ, റെയിൽവേ ജീവനക്കാർ, റെയിൽ ഉപയോക്താക്കൾ എന്നിവർ സ്‌റ്റേഷനിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
ദേശസ്‌നേഹ വിഷയങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കായി മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും നടത്തും. വിജയികൾക്കു സമ്മാനവും നൽകും.
7.036 കോടി ചെലവിൽ നവീകരിച്ച സ്റ്റേഷനിൽ മികച്ച യാത്രാ അന്തരീക്ഷം പ്രദാനംചെയ്യുന്നതിനായി ഒരു സൗന്ദര്യാത്മക കമാനം, മെച്ചപ്പെട്ട കാത്തിരിപ്പ് ഹാളുകൾ, ഷെൽട്ടറുകൾ, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം ഡിസ്‌പ്ലേകൾ, ഭിന്നശേഷിക്കാർക്ക് സൗകര്യങ്ങൾ എന്നിവയുണ്ട്.