സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കോടികള്‍ അനുവദിച്ചതോടെ കൊല്ലം നഗരത്തിലെ മൂന്ന് പ്രധാനപ്പെട്ട റോഡുകള്‍ക്ക് വീതി കൂടുന്നു

കൊല്ലം: വാഹനപ്പെരുപ്പം കാരണം നമ്മുടെ നാട്ടിലെ നഗര പാതകളില്‍ യാത്രക്കാര്‍ ശ്വാസം മുട്ടുകയാണ്. സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കോടികള്‍ അനുവദിച്ചതോടെ കൊല്ലം നഗരത്തിലെ മൂന്ന് പ്രധാനപ്പെട്ട റോഡുകള്‍ക്കാണ് വീതി കൂടാന്‍ പോകുന്നത്. സാമൂഹികാഘാത പഠനവും ചര്‍ച്ചയും നഷ്ടപരിഹാരത്തുകയുടെ വിതരണവുമാണ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു നടക്കാനുള്ളത്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ഫണ്ടിലൂടെയാണ് റോഡുകള്‍ നവീകരിക്കുന്നത്. ആകെ ഭൂമി ഏറ്റെടുക്കുന്നതിന് 436.15 കോടി രൂപയുടെ ഭരണാനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

റോഡ് വികസനത്തിന്റെ ഭാഗമായി അടുത്ത നടപടിക്രമങ്ങളിലേക്ക് കടന്നിരിക്കുകയാണ് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റ്. മേവറം - കാവനാട്, റെയ്ല്‍വേ സ്‌റ്റേഷന്‍ - ഡീസന്റ് ജംഗ്ഷന്‍, തിരുമുല്ലവാരം -കല്ലുപാലം- കച്ചേരി റോഡ് എന്നിവയാണ് വീതി കൂട്ടാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തുക സ്ഥലം ഏറ്റെടുപ്പിനായി മാറ്റി വച്ചിരിക്കുന്നത് മേവറം - കാവനാട് പാതയിലാണ്.

മേവറം - കാവനാട് റോഡ് 22 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. ഇതിനായി ഏകദേശം 1,423 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. ഭൂമി ഏറ്റെടുക്കുന്നതിനായി 325.52 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തിരുമുല്ലവാരം - കല്ലുപാലം- കച്ചേരി റോഡ് (4.5 കിലോമീറ്റര്‍) പതിനൊന്നര മീറ്ററിലാണ് വികസിപ്പിക്കുന്നത്.

സ്ഥലം ഏറ്റെടുക്കാനായി 68.72 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. 396 സെന്റ് ഭൂമിയാണ് ഇവിടെ ഏറ്റെടുക്കേണ്ടത്. റോഡിലുടനീളം നടപ്പാത, തെരുവ് വിളക്ക്, മീഡിയന്‍, ഹാന്‍ഡ് റെയില്‍, ഓട, ഇരിപ്പിടങ്ങള്‍ എന്നിവയുമുണ്ടാകും. ജംഗ്ഷനുകളില്‍ ട്രാഫിക് സിഗ്‌നല്‍, റൗണ്ട് എബൗട്ട് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.