ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും: മരം കടപുഴകി വീടിന് മുകളില്‍ വീണ് അമ്മയും 3 കുഞ്ഞുങ്ങളും മരിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. കാറ്റില്‍ മരം കടപുഴകി വീണ് നാല് പേര്‍ മരിച്ചു. അമ്മയും മൂന്ന് കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി ദ്വാരകയിലാണ് സംഭവം.


ഡല്‍ഹിയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. അണ്ടര്‍ പാസുകളിലും വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി.വീടുകളിലുള്‍പ്പടെ വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുടെ പകുതിയോളം വെള്ളം കയറി. നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിവീണു.അടുത്ത മൂന്ന് ദിവസത്തേക്ക് ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും മഴ ബാധിച്ചു. 40 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. നൂറോളം വിമാനങ്ങള്‍ വൈകുന്നതായാണ് വിവരം