സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1640 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം ആദ്യമായാണ് സ്വർണവില 70000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 70,200 രൂപയാണ്.

ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. 71,840 രൂപയായിരുന്നു പവന്റെ ഇന്നലത്തെ വില. അക്ഷയ തൃതീയയോടനുബന്ധിച്ച് വമ്പൻ സ്വർണവ്യാപാരം നടന്നതായാണ് റിപ്പോർട്ട്. കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിലേക്ക് 5 ലക്ഷത്തോളം കുടുംബങ്ങൾ സ്വർണ്ണം വാങ്ങാൻ എത്തിയതായാണ് സൂചന.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7195 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.