ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിടെ ഇടതു വാരിയെല്ലിന് പരിക്കേറ്റ സഞ്ജു കളത്തിൽ നിന്നും റിട്ടയർ ഹാർട്ടായി മടങ്ങിയിരുന്നു. 19 പന്തില്‍ 31 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് സഞ്ജുവിന്റെ മടക്കമുണ്ടായിരുന്നത്. ശേഷം താരത്തെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. താരത്തിന്റെ കാര്യം സംശയത്തിലാണെന്ന് കോച്ച് രാഹുൽ ദ്രാവിഡും ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.സഞ്ജു കളിച്ചില്ലെങ്കില്‍ റിയാന്‍ പരാഗ് ആയിരിക്കും ഇന്ന് രാജസ്ഥാനെ നയിക്കുക. അതേ സമയം പരിക്കുമൂലം ഐപിഎല്ലിന്‍റെ തുടക്കത്തിലെ മൂന്ന് കളികളില്‍ ഇംപാക്ട് പ്ലേയറായാണ് സഞ്ജു കളിച്ചത്. റിയാന്‍ പരാഗായിരുന്നു ഈ മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ചത്. പിന്നീട് നാലാം മത്സരം മുതല്‍ ക്യാപ്റ്റനായി മടങ്ങിയെത്തി. ഇതുവരെ കളിച്ച ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാൽ മാത്രമേ പ്‌ളേ ഓഫ് സാധ്യത നിലനിർത്താനാകൂ. ഏഴ് കളികളില്‍ നിന്ന് 224 റണ്‍സടിച്ച സഞ്ജു സാംസൺ രാജസ്ഥാന്റെ സീസണിലെ രണ്ടാമത്തെ റൺവേട്ടക്കാരനാണ്.