ഭയന്ന് വിറച്ച് വ്യോമാതിര്‍ത്തി പൂട്ടി പാകിസ്ഥാന്‍,റഫാല്‍ യുദ്ധവിമാനങ്ങളുമായി ഇന്ത്യയുടെ വ്യോമാഭ്യാസം

ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങളായ റഫാല്‍, സുഖോയ് എന്നിവ ഉപയോഗിച്ച് വ്യോമാഭ്യാസം ആരംഭിച്ച് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടപടികള്‍ കടുപ്പിക്കുകയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ തിരിച്ചടി ഭയക്കുകയാണ് പാകിസ്ഥാന്‍. ഇതിന് പിന്നാലെ ദേശീയ സുരക്ഷ സമിതി യോഗം ചേരുകയും ചെയ്തിരിക്കുകയാണ് പാകിസ്ഥാന്‍.

ഓപ്പറേഷന്‍ ആക്രമണ്‍ എന്ന പേരിട്ടിരിക്കുന്ന വ്യോമാഭ്യാസത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളും സുഖോയ്-30 യുദ്ധവിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. അംബാല, ഹഷിമാര എയര്‍ ബേസുകളില്‍ നിന്നാണ് റഫാല്‍ യുദ്ധവിമാനങ്ങളെത്തിയത്. വ്യോമാഭ്യാസത്തില്‍ സേന സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നടത്തുന്ന കരയാക്രമണം, ഇലക്ട്രോണിക് വാര്‍ഫെയര്‍ തുടങ്ങിയവയിലെ ശേഷികള്‍ പരിശോധിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഇന്ത്യയില്‍ നിന്ന് തിരിച്ചടി ഭയക്കുന്ന പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമയാന അതിര്‍ത്തി തുറന്ന് നല്‍കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതിനും പാകിസ്താന്‍ ഭരണകൂടം തീരുമാനമെടുത്തതായാണ് വിവരം. 2019 ല്‍ പുല്‍വാമ ആക്രമണത്തിന് ശേഷവും പാകിസ്ഥാന്‍ സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

അതിര്‍ത്തി അടച്ചതിലും പാക് പൗരന്‍മാര്‍ക്ക് വിസ അനുവതിക്കില്ലെന്ന തീരുമാനത്തിലും അതോടൊപ്പം സിന്ധു നദി കരാര്‍ മരവിപ്പിച്ചതിലും മാത്രം ഒതുങ്ങില്ല ഇന്ത്യയുടെ പ്രതിഷേധമെന്നും തിരിച്ചടിക്കാന്‍ സാദ്ധ്യതയുണ്ടെന്നുമാണ് പാകിസ്ഥാന്‍ ഭയപ്പെടുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അതിര്‍ത്തി കടന്ന് ഒരു ആക്രമണം ഉണ്ടാകുമോയെന്ന ആശങ്കയെ തുടര്‍ന്നാണ് ദേശീയ സുരക്ഷാ സമിതി യോഗം ചേര്‍ന്നത് പോലും.