ജയിലിലായതോടെ ഭാര്യയെയും കുഞ്ഞിനെയും നഷ്ടപ്പെട്ടു, അമിത്തിന് ഉണ്ടായിരുന്നത് കടുത്ത പക; തുടർന്ന് കൊലപാതകം

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി അമിത് പൊലീസിന് നൽകിയ മൊഴിയിലെ നിർണായക വിവരങ്ങൾ റിപ്പോർട്ടറിന്. കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിനോട് പ്രതിക്കുണ്ടായിരുന്ന കടുത്ത വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലും അദ്ദേഹത്തിന്റെ വീട്ടിലും പ്രതി ജോലി ചെയ്തിരുന്നു. വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ച കേസിലും, സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും ഇയാൾ മുൻപ് അറസ്റ്റിലായിരുന്നു. തുടർന്ന് അഞ്ചര മാസത്തോളം ജയിലിൽ കഴിഞ്ഞു. ഈ സമയത്ത് ഗർഭിണിയായിരുന്ന ഭാര്യ പ്രതിയിൽ നിന്നും അകന്നു. എന്നാൽ പ്രസവത്തിൽ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാൾ കുഞ്ഞിനെ നഷ്ടമായ വിവരം അറിയുന്നത്. ഇതോടെ താൻ കുടുംബവുമായി അകന്നുവെന്നും പക മൂർച്ഛിച്ച് കൊലപാതകം നടത്തിയെന്നും അമിത് പോലീസിനോട് പറഞ്ഞു.തിങ്കളാഴ്ച്ചയാണ് വിജയകുമാറിനെയും ഭാര്യ മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ വീട്ടുജോലിക്കാരി വീടിനുള്ളിൽ കണ്ടെത്തിയത്. ഇരുവരുടെയും മുഖത്തും തലയിലും ആഴത്തിലുളള മുറിവുകളുണ്ടായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ മാളയിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുളള കോഴി ഫാമില്‍ നിന്നാണ് പൊലീസ് അമിത്തിനെ പിടികൂടുകയായിരുന്നു. പ്രതിയുമായി തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.