ജമ്മു കാശ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സംബന്ധിച്ച് വിവരം നൽകുന്നലർക്ക് അനന്ത്നാഗ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു

ന്യൂഡൽഹി : ജമ്മു കാശ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സംബന്ധിച്ച് വിവരം നൽകുന്നലർക്ക് അനന്ത്നാഗ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. ഭീകരരെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. 20ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു,​ ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരൻമാർക്ക് ഇന്ത്യ ഇനി മുതൽ വിസ നൽകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റിയിലാണ് തീരുമാനം. നിലവിൽ ഇന്ത്യയിൽ തങ്ങുന്ന പാക് പൗരൻമാർ രണ്ട് ദിവസത്തിനകം ഇന്ത്യ വിടണമെന്നതാണ് മറ്റൊരു തീരുമാനം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. പാകിസ്ഥാനിലുള്ള ഇന്ത്യൻ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. സിന്ധു നദീജല കരാർ മരവിപ്പിച്ചതാണ് മറ്റൊരു തീരുമാനം. വാഗ- ഭട്ടാരി അതിർത്തി അടച്ചുപൂട്ടാനും തീരുമാനിച്ചു.

തീരുമാനങ്ങൾ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ജമ്മു കാശ്മീരിലെ പഹൽഗാമിലെ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ തലസ്ഥാനത്ത് മടങ്ങിയെത്തിയിരുന്നു.