തിരുവനന്തപുരം : സഞ്ചാരികളുടെ ദീർഘനാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ആക്കുളം കണ്ണാടിപ്പാലം തുറക്കുന്നു. നിർമാണപ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായ പാലം മേയ് മാസത്തിൽ തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്. വേളി ടൂറിസ്റ്റ് വില്ലേജിലും ആക്കുളത്തുമെത്തുന്നവർക്ക് കാഴ്ചയുടെ നവ്യാനുഭവം സമ്മാനിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയാണ് കണ്ണാടിപ്പാലം ഒരുക്കിയിരിക്കുന്നത്.
70 അടി ഉയരവും 52 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് (ഡിടിപിസി) പാലത്തിന്റെ പരിപാലനച്ചുമതല. പ്രമോഷൻ കൗൺസിലിനുവേണ്ടി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്)യാണ് പാലം നിർമിച്ചത്.
മികച്ച സംവിധാനങ്ങളാണ് പാലത്തിലുള്ളത്. കൃത്രിമ മഞ്ഞും മഴയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രവേശിച്ചാലുടൻതന്നെ ചെറിയ ചാറ്റൽ മഴ അനുഭവപ്പെടും ഇതിനകമ്പടിയായാണ് മൂടൽമഞ്ഞ്. ദീപാലങ്കാരവുമുണ്ട്. എൽഇഡി ലൈറ്റുകളാണ് തയ്യാറാക്കിരിക്കുന്നത്. ആക്കുളം കായലിന്റെ മനോഹരദൃശ്യങ്ങൾ പാലത്തിനു മുകളിൽ നിന്നാൽ കാണാം. വാഗമണ്ണിലും വയനാടിലുമുള്ള കണ്ണാടിപ്പാലങ്ങളെപ്പോലെ സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവരെയും കുടുംബമായി എത്തുന്നവരെയും ഒരുപോലെ ആകർഷിക്കാൻ ഇവയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാലത്തിലെ കണ്ണാടിപ്പാളികൾക്കു കൂടുതൽ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കോഴിക്കോട് എൻഐടിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയുടെ നിർദേശപ്രകാരമാണിത് ചെയ്തത്. ചില്ലുപാളികൾ ഇളക്കിമാറ്റി ബീഡിങ്ങുകൾ വെച്ചശേഷം ഇതു പുനഃസ്ഥാപിക്കണമെന്നായിരുന്നു നിർദേശം. ഇതെല്ലാം പൂർത്തിയാക്കി. ഇതിനുശേഷം എൻഐടി സംഘം പരിശോധന നടത്തി പാലത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
ഒരുവർഷം മുൻപുതന്നെ പാലംനിർമാണം പൂർത്തിയായിരുന്നു. ഉദ്ഘാടനത്തീയതിയും നിശ്ചയിച്ചതാണ്. എന്നാൽ ഇതിനിടയിലാണ് പാലത്തിന്റെ ചില്ലുപാളിയിൽ പൊട്ടൽ കണ്ടത്. ഇതിനെത്തുടർന്ന് നിർമാണവസ്തുക്കളുടെ ഗുണനിലവാരത്തിലടക്കം സംശയമുയരുകയും ചെയ്തിരുന്നു.
പൊട്ടലിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നായിരുന്നു കരാറുകാരുടെ വാദം. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലുൾപ്പെടെ ഇത്തരത്തിലൊന്നും കണ്ടെത്താനായില്ല. നിർമാണവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് യാതൊരു ആശങ്കയുമില്ലെന്നും ഇക്കാര്യം വിദഗ്‌ധ സമിതി റിപ്പോർട്ടിലടക്കം പരാമർശിച്ചിട്ടുണ്ടെന്നുമായിരുന്നു വൈബ് ഭാരവാഹികളുടെ മറുപടി.
സന്ദർശകർക്ക് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തിയാണ് കണ്ണാടിപ്പാലം തുറക്കാൻ തയ്യാറെടുക്കുന്നതെന്നും എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അതോറിറ്റി അധികൃതർ പറഞ്ഞു. മേയ് മാസത്തിൽതന്നെ ഉദ്ഘാടനം ഉണ്ടാകുമെന്നും അന്തിമ തീയതി തീരുമാനിച്ചിട്ടില്ലെന്നും അവർ അറിയിച്ചു.