ഹിന്ദി ഭാഷയിലും ഉറുദു ഭാഷയിലും പരിജ്ഞാനമുള്ളവരായ ദെഖ്നി കലാകുടുംബത്തിലെ ഹുസൈൻ ഖാന്റെയും തൂക്കഖാലയുടെയും രണ്ടാമത്തെ മകനായി 1926 ൽ മട്ടാഞ്ചേരിയിലാണ് മെഹബൂബ് ഖാൻ ജനിച്ചത്.
ചെറുപ്പത്തിൽ മെഹബൂബിന്റെ പിതാവ് മരിച്ചതിനാൽ അനാഥമായ കുടുംബത്തെ പുലർത്താൻ അദ്ദേഹത്തിന് വടക്കാഞ്ചേരിയിലെ ബ്രിട്ടീഷ് കുതിരപ്പട്ടാളത്തിൽ ജോലിയെടുക്കേണ്ടി വന്നു. കുട്ടിക്കാലം മുതൽ തന്നെ സംഗീതത്തിൽ താത്പര്യം പ്രകടിപ്പിച്ച ഇദ്ദേഹം മെഹ്ഫിൽ വേദികളിലും കല്യാണസദസ്സുകളിലും മറ്റു ജനവേദികളിലും പാടുമായിരുന്നു.
പ്രശസ്ത ഗസൽ ഗായകൻ പങ്കജ് മല്ലിക്ക് അദ്ദേഹത്തിലെ ഗായകനെ തിരിച്ചറിഞ്ഞ് മുഹമ്മദ് റാഫി കൺസേർട്ടുകളിലും കച്ചേരികളിലും പങ്കെടുപ്പിച്ചു. അങ്ങിനെ ബോംബേയിലെ ബാർവാലകളുടെ ഇടയിൽ പോലും മെഹബൂബ് പ്രശസ്തനായി.
1951 ൽ കുഞ്ചാക്കോയും കോശിയും ഉദയാ സ്റ്റുഡിയോയ്ക്ക് വേണ്ടി നിർമ്മിച്ച 'ജീവിതനൗക'എന്ന ചിത്രത്തിൽ അഭയദേവ് എഴുതിയ വരികൾക്ക് വി. ദക്ഷിണാമൂർത്തി *ഓർക്കസ്‌ട്രാ അറേഞ്ച് ചെയ്ത "വനഗായികേ വാനിൽ വരൂ നായികേ..." എന്ന അതിലെ ഗാനമായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ സിനിമാഗാനം. "അകാലെ ആരും കൈവിടും..." എന്ന ഗാനവും കവിയൂർ രേവമ്മയുമായി ചേർന്നുപാടിയ "തോർന്നീടുമോ കണ്ണീരു..." എന്ന ഗാനവും ഏറെ പ്രശസ്തമായതോടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.
സിനിമയിൽ പാടിയ ശേഷമാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ സിനിമയിൽ പാടിയതിലും എത്രയോ ഗാനങ്ങൾ അദ്ദേഹം സ്വകാര്യ വേദികളിലും നാടകങ്ങളിലും പാടിയിട്ടുണ്ടെങ്കിലും എന്നാൽ ഇവയിൽ പലതും റെക്കോർഡ് ചെയ്യപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ഉണ്ടായില്ല.
തുറമുഖ ജീവനക്കാരനായിരുന്ന മേപ്പള്ളി ബാലൻ എന്ന സുഹൃത്തായിരുന്നു അതിൽ പലതിനും സംഗീതം നൽകിയത്. അദ്ദേഹം സംഗീതം നൽകി മെഹബൂബ് ആലപിച്ച "കായലിനരികെ കൊടികള്‍ പറത്തി കുതിച്ചുപൊങ്ങിയ കമ്പനികള്‍..." എന്ന ഗാനം വളരെ പ്രസിദ്ധമാണ്.
അതുപോലെ തിരുനല്ലൂർ കരുണാകരന്റെ "കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ....", "ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണുവാരി കളിച്ചപ്പോൾ...", "നാളെത്തെ പൂക്കണി...", "കരളിൽ തീയെരിയുന്നു...", "നാടിനുവേണ്ടി...." തുടങ്ങിയ നിരവധി ലളിതഗാനങ്ങൾ അക്കൂട്ടത്തിൽപ്പെടുന്നവയാണ്.
'ജീവിതനൌകയ്ക്കു'ശേഷം ഇരുപത്തിയഞ്ചോളം ചിത്രങ്ങൾക്കുവേണ്ടി അനേകം പാട്ടുകൾ അദ്ദേഹം പാടി. കെ. രാഘവൻ/ ദേവരാജൻ മാസ്റ്റർ/ ബാബുരാജ്/ദക്ഷിണാമൂർത്തി എന്നിവരുടെ സംഗീത സംവിധാനത്തിൽ അദ്ദേഹം പാടിയ ഗാനങ്ങളെല്ലാം ഇന്നും മലയാളികൾ കേൾക്കാനിഷ്‌ടപ്പെടുന്നവയാണ്.
നീലക്കുയിയിലെ "മാനെന്നും വിളിക്കില്ല..."/മിന്നാമിനുങ്ങിലെ "തപസ്സു ചെയ്തു തപസ്സു ചെയ്തു..."/ നായരു പിടിച്ച പുലിവാലിലെ "ഹാലു പിടിച്ചൊരു പുലിയച്ഛൻ...."/ "കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം..."/ഉമ്മയിലെ "വെളിക്കു കാണുമ്പം..."/നീലിസാലിയിലെ "നയാ പൈസയില്ല..."/ "ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ..."/ "നീയല്ലാതാരുണ്ടെന്നുടെ..."/കണ്ടം വച്ച കോട്ടിലെ "കണ്ടം വെച്ചൊരു കോട്ടാണ്...."/"ആട്ടെ പോട്ടെ ഇരിക്കട്ടെ ലൈലേ..."/സിന്ദാബാദ് സിന്ദാബാദ് സ്വന്തംകാര്യം....'/ ലൈലാ മജ്‌നുവിലെ "അന്നത്തിനും പഞ്ഞമില്ല...."/"കണ്ണിനകത്തൊരു കണ്ണുണ്ട്..."/ഡോക്‌ടറിലെ "വണ്ടീ പുക വണ്ടീ...."/ "കേളെടി നിന്നെ ഞാൻ..."/ മൂടുപടത്തിലെ "എന്തൊരു തൊന്തരവ്..." തുടങ്ങി അനേകം ഗാനങ്ങൾ അദ്ദേഹം നമുക്കായി ആലപിലച്ചു.
മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ഗായകനായിരുന്ന മെഹബൂബ് പക്ഷേ ജീവിതത്തിൽ ഒരു പരാജിതനായിരുന്നു. വളരെ താഴ്ന്ന നിലയിൽ ജീവിച്ച അദ്ദേഹത്തെ ചരിത്രകാരന്മാർ മുഴുക്കുടിയനായ പാട്ടുകാരനായാണ് വിലയിരുത്തുന്നത്.
എഴുപതുകളുടെ അവസാനം തന്നെ ചലച്ചിത്രരംഗത്തോടു വിട പറഞ്ഞ അദ്ദേഹം കച്ചേരികളിലും സ്വകാര്യവേദികളിലും മറ്റുമായി ഒതുങ്ങിക്കൂടി.
അദ്ദേഹത്തിന്റെ ജീവിതം എന്നും ശോകഗാനമായിരുന്നു. നിരാലംബതയും നിസ്സഹായതയും നിറഞ്ഞ ആ ജീവിതം ഒരുനേരത്തെ ആഹാരത്തിനായി മറ്റുള്ളവരുടെ മുന്നിൽ യാചനയോടെ പാടിയീട്ടുണ്ട്.
അവസാനകാലത്ത് രോഗങ്ങളും ദാരിദ്ര്യവും അലട്ടിയിരുന്ന അദ്ദേഹം 1981 ഏപ്രിൽ 22 ആം തിയതി അന്തരിച്ചുവെങ്കിലും അനശ്വരമായ ഒരു പിടി ഗാനങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.....
*പണ്ടത്തെ മലയാളഗാനങ്ങൾ ഹിന്ദിപാട്ടുകളുടെ അനുകരണമായിരുന്നതിനാൽ അന്ന് സംഗീതസംവിധായകർ അറിയപ്പെട്ടിരുന്നത് 'ഓർക്കസ്‌ട്രാ അറേഞ്ചുകാർ' എന്നായിരുന്നു.