സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.

സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാനാണ് തീരുമാനിച്ചത്. അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ്‌ നിർദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും. ഒരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും. കേന്ദ്ര നയങ്ങൾ മൂലം സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെ ഭാഗമായി കുടിശികയായ ക്ഷേമ പെൻഷനിലെ ഒരു ഗഡുവാണ്‌ ഇപ്പോൾ വിതരണം ചെയ്യുന്നത്‌. അഞ്ചു ഗഡുക്കളാണ്‌ കുടിശികയായത്‌. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. അതിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്‌തു. ബാക്കി മൂന്നു ഗഡുക്കൾ ഈ സാമ്പത്തിക വർഷം നൽകാനാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. അതിൽ ഒരു ഗഡുവാണ്‌ ഇപ്പോൾ അനുവദിക്കുന്നത്‌. 62 ലക്ഷത്തോളം പേർക്കാണ്‌ ക്ഷേമ പെൻഷൻ ലഭിക്കുന്നത്‌. ഏപ്രിലിലെ പെൻഷൻ വിഷുവിന്‌ മുന്നോടിയായി വിതരണം ചെയ്‌തിരുന്നു. 2024 മാർച്ച് മുതൽ അതാത്‌ മാസംതന്നെ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി ബാലഗോപാൽ അറിയിച്ചു.