ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷകർ ഇ തയ്ബ കമാൻഡർ അൽത്താഫ് ലല്ലി കൊല്ലപ്പെട്ടു. കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ലഷ്കർ കമാൻഡറെ വധിച്ചത്. ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാസേന അംഗങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്.
പഹൽഗാം കൂട്ടക്കൊലയ്ക്ക് പിന്നാലെ പാകിസ്താനെതിരെ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ് ഇന്ത്യ. പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും. അതേസമയം അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള ഭീകരർ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീർ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി.
വ്യാഴാഴ്ച ഉധംപുരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ ആർമിയുടെ സ്‍പഷൽ ഫോഴ്സിൽ ഉൾപ്പെട്ട സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഇതിനു പിന്നാലെയാണു വീണ്ടും ഏറ്റമുട്ടൽ നടന്നിരിക്കുന്നത്. 26 പേരുടെ ജീവനെടുത്ത ഏപ്രിൽ 22ലെ പഹൽഗാം തീവ്രവാദ ആക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കവെയാണു പലയിടങ്ങളിലായി ഏറ്റമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നത്.