കാര്യവട്ടം സ്പോർട്‌സ് ഹബ്ബ് സർക്കാർ ഏറ്റെടുത്തേക്കും

തിരുവനന്തപുരം : ഉടമസ്ഥാവകാശം സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്ന കാര്യവട്ടം സ്പോർട്‌സ് ഹബ്ബ് (കാര്യവട്ടം സ്പോർട്‌സ് ഫെസിലിറ്റി ലിമിറ്റഡ്) ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നീക്കങ്ങൾ ആരംഭിച്ചു. 2026-ഓടെ പദ്ധതിയുടെ കരാർ കാലാവധി തീരുന്നമുറയ്ക്ക് ഹബ്ബ് ഏറ്റെടുക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. നിലവിൽ മുംബൈയിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലി(എൻസിഎൽടി)ന്റെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ ഇതിന്റെ നിയമവശംകൂടി കണക്കിലെടുത്തേ സർക്കാരിന് മുന്നോട്ടുപോകാനാകൂ.

പദ്ധതിയുടെ നിർമാതാക്കളായ ഐഎൽആൻഡ്എഫ്എസുമായി ഏർപ്പെട്ട കരാർപ്രകാരം 15 വർഷത്തെ കാലാവധി 2026-ഓടെ അവസാനിക്കും. കരാർ കാലാവധിക്കുശേഷം സ്റ്റേഡിയവും മറ്റു സംവിധാനങ്ങളും ഭൂമിയുടെ അവകാശികളായ കേരള സർവകലാശാലയ്ക്കു കൈമാറണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സ്പോർട്‌സ് ഹബ്ബ് ഏറ്റെടുക്കാൻ സംസ്ഥാനത്തിനു സാധിക്കുമോ എന്നാണ് സമരക്കാർ അന്വേഷിക്കുന്നത്. 2018-ൽ ഐഎൽആൻഡ്എഫ്എസ് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതിനെത്തുടർന്ന് കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് കമ്പനി. ഐഎൽആൻഡ്എഫ്എസിന്റെ ഉപകമ്പനിയായാണ് കാര്യവട്ടം സ്പോർട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എൽ) രജിസ്റ്റർ ചെയ്തിട്ടുള്ളത്.