സംസ്ഥാനത്ത് ഭക്ഷ്യവിഷബാധമൂലമുണ്ടാകുന്ന അപകടങ്ങൾ ഒരിടവേളയ്ക്കുശേഷം വീണ്ടും തുടർക്കഥയാകുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധമൂലമുണ്ടാകുന്ന അപകടങ്ങൾ ഒരിടവേളയ്ക്കുശേഷം വീണ്ടും തുടർക്കഥയാകുന്നു. ഇതിൽ ഏറ്റവുമൊടുവിലത്തേതാണ് ശനിയാഴ്ച അട്ടക്കുളങ്ങര-മണക്കാട് റോഡിലെ ഇസ്താംബൂൾ എന്ന ഷവർമ വിൽക്കുന്ന ഭക്ഷണശാലയിലുണ്ടായത്. വെള്ളിയാഴ്ച രാത്രി ഇവിടെനിന്ന്‌ ഷവർമ കഴിച്ച മുപ്പതോളം പേർക്കാണ് ശാരീരികാവശതകളുണ്ടായത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്നവർ ആശുപത്രി വിട്ടു. ഭക്ഷ്യസുരക്ഷാവകുപ്പ് സ്ഥാപനത്തിൽനിന്നു പരിശോധനയ്ക്കായി സാമ്പിളുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇവയുടെ ഫലംവരാൻ ഒരാഴ്ചയെടുക്കും. എന്നാൽ, ഇത്തരം സംഭവങ്ങളിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾ പിഴയും മറ്റും അടച്ച് കുറച്ചുനാളുകൾക്കുശേഷം തുറന്നുപ്രവർത്തിക്കുകയാണ് പതിവ്. വീണ്ടും ഇതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ മാത്രമാണ് അധികൃതരും ജനങ്ങളും ഭക്ഷ്യസുരക്ഷയെക്കുറിച്ച് ബോധവാന്മാരാകുന്നത്.

ഷവർമ, കുഴിമന്തി തുടങ്ങി തലമുറ വ്യത്യാസമില്ലാതെ ഏവരും ഇഷ്ടപ്പെടുന്ന ‘ന്യൂജെൻ’ ഭക്ഷണങ്ങളാണ് അടുത്തിടെ കൂടുതലായി ഭക്ഷ്യവിഷബാധയ്ക്കു കാരണമായത്. വൃത്തിഹീനമായ അന്തരീക്ഷത്തിലിവ പാചകം ചെയ്യുന്നതാണ് പ്രശ്നം. പഴകിയ ഭക്ഷണസാധനങ്ങളക്കം പലയിടത്തും വിൽക്കുന്നു. പാചകംചെയ്ത സമയവും തീയതിയും ഇല്ലാതെ ഭക്ഷണസാധനങ്ങൾ പാഴ്‌സൽ വിൽക്കരുതെന്നതുൾപ്പെടെ രണ്ടുവർഷം മുൻപ്‌ ആരോഗ്യവകുപ്പ് നിർദേശിച്ചതാണ്. എന്നാലിതൊന്നും ആരും പാലിക്കുന്നില്ല.

പാസ്ചറൈസ് ചെയ്ത മുട്ട മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. ഉണ്ടാക്കിക്കഴിഞ്ഞാൽ നാല് ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണം. പാസ്ചറൈസ് ചെയ്ത മുട്ടയുടെ ഉപയോഗം സംസ്ഥാനത്ത് നിർബന്ധമാക്കിയതാണ്.

എന്നാൽ പല സ്ഥാപനങ്ങളും ഈ നിബന്ധനയും പാലിക്കുന്നില്ല. പാസ്ചറൈസ് ചെയ്യാത്ത മുട്ട ഉപയോഗിച്ചാൽ തയ്യാറാക്കി കുറച്ചുസമയത്തിനുള്ളിൽത്തന്നെ ബാക്ടീരിയ പെരുകും. സാൽമൊണെല്ല എന്നയിനം ബാക്ടീരിയയാണിത്. സാൽമൊണെല്ല വയറ്റിനുള്ളിൽ ചെന്നാൽ പനി, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. മുട്ട വൃത്തിയാക്കുന്നതിലുൾപ്പെടെ ശ്രദ്ധവേണം. കഴുകുന്ന വെള്ളം ശുദ്ധമായിരിക്കണം, പാചകംചെയ്യുന്ന വ്യക്തിയും ശുചിത്വം പാലിക്കണം. ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ ചെറിയ പാളിച്ച പറ്റിയാൽപ്പോലും മയോണൈസ് ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും.

മയോണൈസ് തയ്യാറാക്കി പരമാവധി രണ്ടുമണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് ആരോഗ്യത്തിനുത്തമം. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും നാലുമണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.

മയോണൈസ് ഉണ്ടാക്കി സൂക്ഷിക്കുന്ന പാത്രത്തിന്റെ കാര്യത്തിലും ശ്രദ്ധവേണം. ആദ്യതവണ ഉണ്ടാക്കുന്ന മയോണൈസ് രണ്ട് മണിക്കൂറിനുള്ളിൽ തീർന്നാലും പിന്നീടുണ്ടാക്കുന്നത് സൂക്ഷിക്കാൻ ആദ്യത്തെ അതേ പാത്രം കഴുകാതെ ഉപയോഗിക്കരുത്.
ധാരാളം കലോറിയടങ്ങിയിരിക്കുന്ന ആഹാരപദാർഥംകൂടിയായ മയോണൈസ് കൂടുതൽ കഴിക്കുന്നത് നല്ലതല്ലെന്നും വിദഗ്‌ധർ പറയുന്നു.