പഹൽഗാമിലെ (Pahalgam) ബൈസരൺ താഴ്വരയ്ക്ക് സമീപം നടന്ന മാരകമായ ഭീകരാക്രമണത്തിൽ പിടിക്കപ്പെട്ടവരിൽ അസം സർവകലാശാലയിലെ ബംഗാളി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ദേബാശിഷ് ഭട്ടാചാര്യയും ഉൾപ്പെടുന്നു. അതിജീവനത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗ്യത്തിന്റെയും ആകെത്തുകയാണ് അദ്ദേഹത്തിന് രക്ഷപെടാൻ കിട്ടിയ അവസരം. ആ ഭയാനകമായ നിമിഷങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു."ഞാൻ എന്റെ കുടുംബത്തോടൊപ്പം ഒരു മരത്തിനടിയിൽ ഉറങ്ങുകയായിരുന്നു, പെട്ടെന്ന് എന്റെ ചുറ്റും ആളുകൾ കലിമ ചൊല്ലുന്നത് കേട്ടു," ഭട്ടാചാര്യ പറഞ്ഞു. "ഞാനും അത് ചൊല്ലാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ ഒരു തീവ്രവാദി ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്ന് എന്റെ അടുത്ത് കിടന്നിരുന്ന വ്യക്തിയുടെ തലയിൽ വെടിവച്ചു."
തോക്കുധാരി പിന്നീട് ഭട്ടാചാര്യയുടെ നേരെ തിരിഞ്ഞു. "അയാൾ എന്റെ നേരെ നോക്കി എന്ത് ചെയ്യുകയാണെന്ന് ചോദിച്ചു. ഞാൻ കൂടുതൽ ഉച്ചത്തിൽ കലിമ ചൊല്ലി. എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. എന്തുകൊണ്ടോ അയാൾ തിരിഞ്ഞു നടന്നു."
അവസരം ലഭിച്ചപ്പോൾ പ്രൊഫസർ നിശബ്ദമായി എഴുന്നേറ്റ് ഭാര്യയെയും മകനെയും കൂട്ടി ഓടിപ്പോയി. “ഞങ്ങൾ മുകളിലേക്ക് കയറി. ഒരു വേലി മുറിച്ചുകടന്ന്, ആ വഴിയിലെ കുതിരകളുടെ കുളമ്പടിപ്പാടുകൾ പിന്തുടർന്ന് ഏകദേശം രണ്ട് മണിക്കൂറോളം നടന്നു. ഒടുവിൽ കുതിരയുമായി നിൽക്കുന്ന ഒരു സവാരിക്കാരനെ കണ്ടുമുട്ടി. താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങാൻ ഞങ്ങൾക്ക് കഴിഞ്ഞു.”