ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് അട്ടാരി അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളിൽ മാറ്റം വരുത്താൻ തീരുമാനം. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങിലാണ് മാറ്റം വരുത്തുക. ചടങ്ങിനിടെ ഗേറ്റുകൾ അടച്ചിടാനും ഗാർഡ് കമാൻഡർമാർ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. വാഗ അട്ടാരി അതിർത്തിയിൽ എല്ലാ ദിവസവും നടക്കുന്നതാണ് ബീറ്റിങ് റിട്രീറ്റ് അഥവാ, സൂര്യാസ്തമയത്തിലുള്ള പതാക താഴ്ത്തൽ ചടങ്ങ്. നയതന്ത്ര രംഗത്തെ ഇന്ത്യയുടെ മിന്നലാക്രമണത്തിൽ പാക്കിസ്ഥാൻ നിലവിൽ പകച്ചിരിക്കുകയാണ്. സിന്ധു നദീജലകരാർ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷിംല കരാറിൽ നിന്ന് തല്ക്കാലം പിൻമാറുമെന്നും പാകിസ്ഥാൻ പ്രഖ്യാപിച്ചു.