വക്കം : മുതലപ്പൊഴിയിൽ മണൽമൂടി കായലും കടലും വേർപ്പെട്ടതോടെ ആറ് പഞ്ചായത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായി.
അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, കഠിനംകുളം, അഴൂർ, ചിറയിൻകീഴ് പഞ്ചായത്തുകളിലെ കായൽത്തീരങ്ങളിൽ താമസിക്കുന്നവരുടെ വീടുകളും പുരയിടങ്ങളും വെള്ളംകയറിത്തുടങ്ങി.
മിക്ക വീടുകളുടെയും പടിക്കെട്ടോളം വെള്ളമെത്തി. 14 വർഷത്തിനുശേഷമാണ് തീരഗ്രാമങ്ങൾ ഇത്തരമൊരു പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. പല കുടുംബങ്ങളും വീടൊഴിഞ്ഞ് ബന്ധുവീടുകളിൽ അഭയംതേടുകയാണ്.
മുതലപ്പൊഴിയിൽ കായൽ കടലിൽ ചേരുന്ന ഭാഗത്ത് മണൽത്തിട്ട രൂപപ്പെട്ടത്തോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴ ശക്തമാക്കുകയും ചെയ്തതാണ് കായൽ കരകവിഞ്ഞൊഴുകി പ്രദേശങ്ങളിൽ വെള്ളംകയറാൻ കാരണമായത്.
നിലവിൽ അഞ്ചുതെങ്ങ് പഞ്ചായത്തിലെ കേട്ടുപുര, മാമ്പള്ളി, കായിക്കര, വക്കം പഞ്ചായത്തിലെ പണയിൽക്കടവ്, ഇറങ്ങുകടവ് പ്രദേശങ്ങളിൽ കായൽ അഞ്ഞൂറ് മീറ്ററോളം അകത്തോട്ടു കയറിക്കഴിഞ്ഞു.
ഇറങ്ങുകടവിൽ പതിനൊന്നു വീടുകളുടെ ചുറ്റുപ്രദേശം വെള്ളംകയറി ആളുകൾക്ക് പുറത്തേക്കു പോകാൻ പ്രയാസമായിരിക്കുകയാണ്.
പൊഴിയടഞ്ഞ് കായൽ കരകവിഞ്ഞതോടെ കായൽക്കരയിൽ മത്സ്യക്കൃഷി നടത്തി ഉപജീവനം നടത്തുന്ന അനേകം പേരുടെ ജീവിതം ആത്മഹത്യയുടെ വക്കിലാണ്. കായൽ കരകവിഞ്ഞതോടെ മീൻപാടങ്ങൾ ഭൂരിഭാഗവും വെള്ളത്തിലായിക്കഴിഞ്ഞു. കരിമീനും കൊഞ്ചുമാണ് ഭൂരിഭാഗംപേരും കൃഷി നടത്തുന്നത്. അഞ്ചുതെങ്ങ്, വക്കം പഞ്ചായത്തുകളുടെ കായൽക്കരയിൽ ഏക്കറുകളോളം സ്ഥലത്ത് മത്സ്യക്കൃഷി നടക്കുന്നുണ്ട്. ആറ് പഞ്ചായത്തുകളിലായി ഇരുന്നൂറ് കോടിക്കുമുകളിലാണ് മത്സ്യക്കൃഷിക്കായി കർഷകർ മുടക്കിയിരിക്കുന്നത്. അഞ്ചുതെങ്ങിലെ മാമ്പള്ളി ഇറങ്ങുകടവിൽ ജോയിയുടെ മൂന്നര ഏക്കറിലെ ചെമ്മീൻപാടം പൂർണമായും വെള്ളത്തിനടിയിലായി. നാൽപ്പത്തിയൊൻപതുദിവസം പ്രായമുള്ള 90 ലക്ഷം രൂപയുടെ ചെമ്മീനുകളാണ് പാടത്തിലുണ്ടായിരുന്നത്. പാതിയോളം മീനുകൾ ഇതിനോടകം ഒഴുകിപ്പോയതായി ജോയി പറയുന്നു. ഇരുപത്തെട്ട് വർഷത്തെ പ്രവാസജീവിതത്തിൽനിന്നുള്ള സമ്പാദ്യവും ബാങ്കിൽനിന്നുള്ള വായ്പയിലുമാണ് ജോയി മത്സ്യക്കൃഷി തുടങ്ങിയത്.:വെള്ളംകയറി പുരയിടവും തോടും തമ്മിൽ ഒന്നായ സ്ഥിതിയായതോടെ വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാതെയായി. വെള്ളക്കെട്ടിനു പുറമേ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. തകരഷീറ്റുകൊണ്ട് നിർമിച്ച ഒറ്റമുറിവീട്ടിൽ വെള്ളംകയറിയിട്ട് ദിവസങ്ങളായി. 68 വയസ്സുള്ള കേട്ടുപുര സ്വദേശി ബാബു ഒറ്റയ്ക്കാണ് ഈ വീട്ടിൽ കഴിയുന്നത്. ബാബുവിന് പോകാൻ ബന്ധുവീടുകളൊന്നുമില്ല. തുണികൾ തേച്ച് നൽകുമ്പോൾ കിട്ടുന്നതുവെച്ചാണ് ബാബു ഉപജീവനം നടത്തുന്നത്. ഇപ്പോൾ ആളുകൾക്ക് ഇവിടേക്ക് എത്താൻ കഴിയാതായി. ഇതോടെ വരുമാനം മുട്ടിയെന്ന് ബാബു പറയുന്നു.