പഹല്‍ഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

ജമ്മുകാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ആസിഫ് ഫൗജി,സുലൈമാന്‍ ഷാ,അബു തല്‍ഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കൂടുതല്‍ പേരുടെ രേഖാചിത്രങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏഴ് ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നാണ് സേന പുറത്ത് വിടുന്ന വിവരം.എന്‍ഐഎ സംഘം ബൈസരണ്‍ വാലിയില്‍ എത്തിയിട്ടുണ്ട്. ഭീകരര്‍ക്കായി ശക്തമായ തിരച്ചിലാണ് പഹല്‍ഗാമിലും മറ്റു മേഖലയിലുമായി സുരക്ഷാസേന നടത്തുന്നത്. പ്രദേശത്തെ ഹോട്ടലുകളും സിസിടിവികളും കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരരെന്നാണ് സൂചന.ഇന്നലെ ഉച്ചക്ക് ശേഷം കശ്മീരിലെ പഹല്‍ഗാമിനടുത്തുള്ള ബൈസരനില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ്.രണ്ട് വിദേശികളും ഒരു മലയാളിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.