രാത്രിയിൽ ആളില്ലാതിരുന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണാഭരണങ്ങളും 60,000 രൂപയും മോഷ്ടിച്ചു

കാട്ടാക്കട : രാത്രിയിൽ ആളില്ലാതിരുന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണാഭരണങ്ങളും 60,000 രൂപയും മോഷ്ടിച്ചു. കാട്ടാക്കടയിലെ വ്യാപാരിയായ കിള്ളി പെരുംകുളം മുതയിൽ രശ്മിയിൽ എസ്.ബി. സുനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച വൈകീട്ട് ആറിനും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം. വൈകീട്ട് ആറോടെ സുനിലിന്‍റെ ഭാര്യ വീടുപൂട്ടി പുറത്തുപോയി. രാത്രി 11 മണിയോടെ കുടുംബം വീട്ടിലെത്തിയപ്പോഴാണ് പിൻവാതിലുകൾ തുറന്നുകിടക്കുന്നതു കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് മേശയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കാണാനില്ലെന്നു മനസ്സിലായത്. വീടിനു പുറത്തുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണ് വാതിലുകൾ കുത്തിത്തുറന്നിട്ടുള്ളത്. കാട്ടാക്കട പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.