തിരുവനന്തപുരം പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസില്‍ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. നെടുമങ്ങാട് SC – ST കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഒട്ടകം രാജേഷ് ഉൾപ്പടെ 11 പ്രതികൾ ആണ് ഉള്ളത്. A1 സുധീഷ് ഉണ്ണി, A2 ശ്യാം, ഒട്ടകം രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്,അരുൺ, ജിഷ്ണു,സജിൻ എന്നിവരാണ് മറ്റ് പ്രതികൾ.
പ്രതികൾ കുറ്റക്കാരെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. കൊലപാതകം, കൂട്ടംകൂടിയുള്ള ആക്രമണം, ആയുധം കൈവശംവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണു പ്രതികൾക്കുമേൽ ചുമത്തിയത്. ഒട്ടകം രാജേഷ് 3 കൊലപാതകമടക്കം 18 കേസുകളിൽ പ്രതിയാണ്. പ്രതികളുടെ ഭീഷണിയെത്തുടർന്ന് സാക്ഷികൾ കൂറുമാറിയ കേസിൽ ശാസ്ത്രീയ തെളിവുകളുടെ ബലത്തിലാണു പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്. പ്രതികളുടെ വസ്ത്രങ്ങളിലും ആയുധങ്ങളിലും നിന്ന് സുധീഷിന്റെ ഡിഎൻഎ അടക്കമുള്ള തെളിവുകൾ ലഭിച്ചതു നിർണായകമായി.
മംഗലപുരം സ്വദേശിയാണ് കൊല്ലപ്പെട്ട സുധീഷ്. 2021 ഡിസംബര്‍ 11നായിരുന്നു സുധീഷ് ഒളിവിൽ താമസിച്ചിരുന്ന വീട്ടിലേക്ക് ഗുണ്ടാ സംഘമെത്തി ക്രൂര കൊലപാതകം ആവിഷ്കരിച്ചത്. മുഖ്യപ്രതിയായ സുധീഷ് ഉണ്ണിയുമായി സുധീഷ് രണ്ട് മാസം മുന്‍പ് അടിയുണ്ടാക്കിയിരുന്നു. അതിന്റെ പകരം വീട്ടാനാണ് സുധീഷ് ഉണ്ണി ഗുണ്ടാനേതാവായ ഒട്ടകം രാജേഷുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.