പത്തനംതിട്ട പീഡനം; അറസ്റ്റിലായവരില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളും

പത്തനംതിട്ട പീഡനക്കേസില്‍ കൂടുതല്‍ വിവരങ്ങല്‍ പുറത്ത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളും കൂടാതെ ക്രിമിനല്‍ കേസ് പ്രതികളും ഉള്‍പ്പെടുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അറസ്റ്റിലായ അഫ്സല്‍ വധശ്രമക്കേസിലെ പ്രതിയാണ്. ആഷിഖ് വധശ്രമക്കേസില്‍ കൂട്ടുപ്രതിയാണ്. അപ്പു എന്ന പ്രതി മോഷണക്കേസില്‍ ഉള്‍പ്പെട്ടിരുന്നു.2019 ല്‍ പെണ്‍കുട്ടിയുടെ കാമുകനായ സുബിന്‍ ആണ് വിദ്യാര്‍ത്ഥിയെ ആദ്യം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപത്തുവെച്ച് സുബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നു. മാത്രമല്ല ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തി. ശേഷം പെണ്‍കുട്ടിയുടെ നമ്പര്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറി. തുടര്‍ന്ന് സുബിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
അറസ്റ്റിലായവര്‍ക്കെതിരെ പോക്സോ വകുപ്പും പട്ടികജാതി പീഡനനിരോധന വകുപ്പും ചുമത്തും. സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
13 വയസ്സു മുതല്‍ പീഡനത്തിനിരയായതായി കായികതാരമായ പതിനെട്ടുകാരി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു. വിഷയം മഹിളാ സമഖ്യ സൊസൈറ്റി വഴി സിഡബ്ല്യുസിയിലെത്തി. തുടര്‍ന്ന് സിഡബ്ല്യുസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.