നെയ്യാറ്റിന്‍കര സമാധി കേസ്; പൊലീസ് പൊളിച്ച കല്ലറക്ക് സമീപം പുതിയ കല്ലറ സ്ഥാപിച്ച് കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന് പൊലീസ് പൊളിച്ച കല്ലറക്ക് സമീപം പുതിയ കല്ലറ സ്ഥാപിച്ച് കുടുംബം. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് ഗോപന്റെ സംസ്‌കാരം.

അതേസമയം, ഗോപന്റെ മരണകാരണം പുറത്ത് വന്നിട്ടില്ല. കുടുംബാംഗങ്ങളെ വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഗോപന്റെ തലയിലെ കരുവാളിച്ച പാടുകളെക്കുറിച്ചുള്ള ദുരൂഹതയും ഭസ്മം ശ്വാസകോശത്തില്‍ കടന്നോ എന്ന് ഡോക്ടര്‍മാര്‍ സംശയവും നീങ്ങേണ്ടതുണ്ട്.


ആന്തരികാവയവങ്ങളുടെ രാസഫലം അടക്കം പുറത്തുവന്നാല്‍ മാത്രമേ മരണകാരണത്തില്‍ അന്തിമ നിഗമനത്തില്‍ എത്താന്‍ സാധിക്കൂ. ശരീരത്തില്‍ പ്രത്യക്ഷത്തില്‍ മുറിവുകളോ പരിക്കുകളോ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, സ്വാഭാവിക മരണമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് ഫോറന്‍സിക്കും ഡോക്ടര്‍മാരും പറഞ്ഞു.

ഇന്നലെ രാവിലെയാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. അരവരെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. കഴുത്ത് വരെ പൂജാദ്രവ്യങ്ങള്‍ കൊണ്ട് മൂടിയിരുന്നു. സമാധി അലങ്കോലമാക്കാന്‍ ബോധപൂര്‍വം ചിലര്‍ ശ്രമിച്ചെന്നും നിയമ നടപടിയെടുക്കുമെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഘോഷയാത്രയായി സമാധി സ്ഥലത്തെത്തിക്കും വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായി സംസ്‌കരിക്കും എന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു.