ഷാർജ: വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് ജീവൻമരണ പോരാട്ടം. സെമി ഫൈനലിൽ സ്ഥാനം ഉറപ്പാക്കാൻ ഇന്ത്യ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങും. നിർണായക മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഷാർജയിൽ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക. ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ജയിച്ചാൽ മാത്രം പോര. സെമി ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് തകർപ്പൻ ജയം തന്നെ വേണം. മൂന്ന് കളികളിലും വിജയിച്ച ഓസീസ് 6 പോയിൻറുമായി സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു. 4 പോയിൻറുകൾ വീതമുള്ള ഇന്ത്യയ്ക്കും ന്യൂസിലൻഡിനും തുല്യ സാധ്യതയാണ് ഉള്ളത്. വമ്പൻ ജയത്തോടെ റൺനിരക്കിൽ ഓസീസിനെ മറികടന്നാൽ ഇന്ത്യയ്ക്ക് ആശങ്ക വേണ്ട. ഓസീനെതിരെ നേരിയ വിജയമോ തോൽവിയോ ആണെങ്കിലും പാകിസ്ഥാൻ-ന്യൂസിലൻഡ് മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകൾ.
ട്വന്റി 20യിൽ ഓസീസിനെതിരെ കളിച്ച 34 കളികളിൽ ഇന്ത്യയ്ക്ക് വെറും 8 കളികളിൽ മാത്രമാണ് ജയിക്കാനായത്. എന്നാൽ, ഇതിൽ രണ്ട് ജയങ്ങളും ലോകകപ്പിലാണെന്നത് ഇന്ത്യയ്ക്ക് കരുത്താകും. പ്രധാന താരങ്ങളായ അലിസ ഹീലിക്കും ടെയ്‍ല വ്ലെമിങ്കിനും പരിക്കേറ്റത് ഓസീസിന് തിരിച്ചടിയാണ്. സ്ഥിരതയോടെ റണ്ണടിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം സ്മൃതി മന്ദാനയും ഷെഫാലി വർമ്മയും ഫോമിലേക്ക് എത്തിയത് ഇന്ത്യൻ ടീമിന് ആശ്വാസമാകുന്നു. 3 കളികളിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ മലയാളി താരം ആശ ശോഭനയിലേക്കാണ് ഇന്ത്യൻ ആരാധകർ, പ്രത്യേകിച്ച് മലയാളികൾ ഉറ്റുനോക്കുന്നത്.