തോട്ടയ്ക്കാട്ട് കാർ ഇടിച്ച് യുവാവ് മരണപ്പെട്ടു

കല്ലമ്പലം : തോട്ടയ്ക്കാട്ട് റോഡ് വശത്ത്
നിൽക്കുകയായിരുന്നു ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയി. ബൈക്ക് യാത്രികൻ മരണപ്പെട്ടു. ആലംകോട് വഞ്ചിയൂർ പ്ലാവറക്കോണം വലിയവിളാകത്ത് വീട്ടിൽ നൗഷാദ് (45) ആണ് മരണപ്പെട്ടത്. നൗഷാദ് നരിക്കല്ല് മുക്കിൽ അപ്പോൾസ്റ്ററി കട നടത്തുകയാണ്. രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.

കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ബൈക്ക് കേടായതിനെ തുടർന്ന് ബന്ധുവിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടെ അമിതവേഗത്തിൽ ആലംകോട് ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് കാർ നൗഷാദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷം കാർ ഉടമയും ഭാര്യയും ബൈക്കിൽ അപകടം നടന്ന ഭാഗത്ത് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ എത്തുകയും. പിന്നീട് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തി ഒന്നും അറിയാത്തത് പോലെ ഒരു അപകടം നടന്നതായി അറിയിക്കുകയും ചെയ്തു. കാർ ഉടമ ഭാര്യയെ ആശുപത്രിയിൽ ഇരുത്തി ആംബുലൻസ് ഡ്രൈവറോടൊപ്പം എത്തി സംഭവ സ്ഥലം കാട്ടിക്കൊടുക്കുകയായിരുന്നു. അപ്പോഴേക്കും രക്തം വാർന്ന് നൗഷാദ് മരണപ്പെട്ടിരുന്നു. ആശുപത്രിയിലെത്തിയ കാറുടമ നൗഷാദ് മരണപ്പെട്ടത് അറിഞ്ഞ് ബൈക്കുമായി സ്ഥലം വിടുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ ഉണ്ടായിരുന്ന ഭാര്യയെ ജീവനക്കാർ തടഞ്ഞു വയ്ക്കുകയും കാർ ഉടമയെ കണ്ടെത്തി രണ്ടുപേരെയും ചോദ്യം ചെയ്തെങ്കിലും പരസ്പ‌ര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. പിന്നീട് കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഉടമയുടെ വീട്ടിൽ നിന്ന് അപകടം വരുത്തിയ കാർ കണ്ടെത്തുകയായിരുന്നു.

മരണപ്പെട്ട നൗഷാദിന് ഭാര്യയും ഏഴും ഒന്നര വയസ്സുള്ള രണ്ട് ആൺകുട്ടികളും ഉണ്ട്.