*കൊടുംചൂടിൽ ആശ്വാസം; എട്ട് ജില്ലകളിൽ വേനൽമഴ എത്തുമെന്ന് കാലാവസ്ഥാ പ്രവചനം*

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടക്കാല മഴയെത്തുമെന്ന് റിപ്പോർട്ട്. ഏപ്രിൽ നാലുവരെ വിവിധ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ചവരെ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് മഴയ്ക്കു സാാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണു മഴയെത്തുക. ഏപ്രിൽ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും അഞ്ചിന് കോട്ടയത്തും ആലപ്പുഴയിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. നേരത്തെ ഏപ്രിൽ അഞ്ചുവരെ 12 ജില്ലകളിൽ ഉയർന്നതാപനിലയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്തും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.