തെന്മലയിൽ തോട്ടം തൊഴിലാളിയെ പുലി ആക്രമിച്ചു; പിന്നാലെ ചത്ത പുലിക്കുട്ടിയെ കണ്ടെത്തി

തെന്മല നാഗമല ഹാരിസൺ മലയാളം തോട്ടത്തിലെ വനത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ പുലിക്കുട്ടി

തെന്മല:തെന്മല വനം റേഞ്ചിലെ നാഗമലയിൽ ഹാരിസൺ മലയാളം തോട്ടത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റതിനു പിന്നാലെ സമീപത്തെ വനത്തിൽ പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. മേയാൻ വിട്ട പശുവിനെ കറവയ്ക്കായി ഇന്നലെ പുലർച്ചെ ഏഴരയ്ക്കു കൊണ്ടു വരാൻ പോകുമ്പോഴായിരുന്നു നാഗമല റബർ തോട്ടം ഫാക്ടറിക്കു സമീപം ലയത്തിൽ താമസിക്കുന്ന സോളമനു (55) പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റത്.

ഇടതുകാലിനും വലതുകൈയ്ക്കും പരുക്കേറ്റ സോളമന് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഇൗ സംഭവത്തിനു പിന്നാലെ ഉച്ചയോടെ സോളമനെ പുലി ആക്രമിച്ച സ്ഥലത്തിനു സമീപം വനത്തിലെ കരിയിലകൾക്കിടയിൽ പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആക്രമിച്ച പുലിയെ കണ്ടെത്താൻ വനത്തിൽ ക്യാമറ സ്ഥാപിക്കാൻ വനപാലക സംഘം നടത്തിയ യാത്രയിലാണ് പുലിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.

വനം റേഞ്ച് ഒ‌ാഫിസർ സി. ശെൽവരാജും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നു പോസ്റ്റ്മോർട്ടം നടത്തും. സോളമനെ ആക്രമിച്ച പുലിയാണ് ചത്തതെന്ന്് വനംവകുപ്പ് പ്രാഥമികമായി നിരീക്ഷിക്കുന്നു. സോളമന്റെ ലയത്തിനു 500 മീറ്റർ അകലെയായാണു വനത്തിൽ പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സോളമനെ വനംവകുപ്പ് ചോദ്യം ചെയ്തേക്കും.