സകല റെക്കോർഡുകളും ഭേദിച്ച് സ്വർണ വില കുതിക്കുന്നു! ഏപ്രിൽ ആദ്യ ദിനം തന്നെ വില ചരിത്രത്തിലില്ലാത്ത തലത്തിലേക്ക്

സംസ്ഥാനത്ത് സ്വർണ വില (Gold Price) സകല റെക്കോർഡുകളും ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 680 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് 50880 രൂപ നൽകണം. ഗ്രാമിന് 85 രൂപ ഉയർന്ന് വില 6360 ആയി. ഏപ്രിൽ ആദ്യ ദിനം തന്നെ വില ചരിത്രത്തിലില്ലാത്ത തലത്തിലേക്ക് ഉയർന്നത് കണ്ട് ആശങ്കയിലാണ് ഉപഭോക്താക്കൾ. വിവാഹ സീസണിൽ വില ഉയർന്ന് നിൽക്കുന്നത് വിപണിയെയും ബാധിച്ചേക്കും.

നേരത്തെ സ്വർണം വാങ്ങാൻ അര ലക്ഷം രൂപ നൽകേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു സ്വർണാഭരണ പ്രേമികൾ. ഇത് ഇരട്ടിപ്പിക്കുന്നതാണ് ഇന്നത്തെ വിലക്കയറ്റം.മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും, പവന് 46320 രൂപയുമാണ് അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയതും വില അരലക്ഷം കടന്നതും കണ്ട് ഞെട്ടലിലാണ് ഉപഭോക്താക്കൾ. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം നിക്ഷേപകർ വൻതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. .