*കരവാരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്**ഭരണ കക്ഷിയായ ബിജെപിയെ സഹായിക്കാനാണ് ഇടതുപക്ഷ അംഗത്തിന്റെ വിദേശയാത്രയെന്ന് കോൺഗ്രസ്....*

കരവാരം ഗ്രാമ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് രാജിവച്ച ഒഴിവിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ബിജെപിയ്ക്ക് എതിരെ പ്രതിപക്ഷ പ്രതിനിധിയെ മത്സരിപ്പിക്കാനും നിലവിലെ ബിജെപി ഭരണ സമിതിയെ പുറത്താക്കുന്നതിന് അവിശ്വാസ പ്രമേയത്തിന്റെ ഭാഗമാകുന്നതിനും കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി യോഗം കൂടി തീരുമാനിച്ചിരുന്നു.എന്നാൽ നിർണ്ണായകമായ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജനദാദൾ അംഗം സജീർ രാജകുമാരിയാണ് തെരഞ്ഞെടുപ്പു നടപടികളുടെ ഭാഗമാകാതെ ഒരു വിഭാഗം സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെ വിദേശയാത്രയ്ക്ക് പോയത്. ഈ നടപടി അഞ്ച് അംഗങ്ങളുള്ള മുഖ്യ പ്രതിപക്ഷമായ എൽ. ഡി. എഫിന്റെ ഭാഗത്തുനിന്നും ബിജെപിയെ സഹായിക്കലാണെന്നും പഞ്ചായത്ത്‌ ഭരണ സമിതിയോടുള്ള മൃദു സമീപനമാണെന്നും കോൺഗ്രസ്‌ ആരോപിച്ചു.ഇതോടെ കഴിഞ്ഞ ദിവസം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ബിജെപി പ്രതിനിധി തന്നെ വൈസ് പ്രസിഡന്റ് സ്ഥാനം നിലനിർത്തി. കഴിഞ്ഞ കുറച്ചു നാളുകളായി പഞ്ചായത്തിൽ ഭരണ സ്തംഭനം നിലനിൽക്കുകയാണ്. ഭരണ കക്ഷിയായ ബിജെപി അംഗങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെയാണ് ആരോപണ - പ്രത്യരോപണങ്ങളിലേക്കും, പോലീസ് കേസിലേക്കും ഏറ്റവും ഒടുവിൽ വൈസ് പ്രസിഡന്റന്റെയും , സ്റ്റാന്റിങ് കമ്മിറ്റി ചെയ്യര്പേഴ്സന്റെയും രാജിയിലേക്കും കലാശിച്ചത്.നിലവിലെ സാഹചര്യത്തിൽ ഭരണ സ്തംഭനം മൂലം പഞ്ചായത്തിലെ സാധാരണ ജനങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.പഞ്ചായത്തിലെ ധനകാര്യ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനമായതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനം ഏറെ നാൾ ഒഴിച്ചിടാൻ കഴിയില്ലാത്തത് കൊണ്ടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേഗത്തിലാക്കാൻ കാരണം. വർഗ്ഗീയ ഫാസിസ്റ്റ് കക്ഷികളെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുന്നതിന് ഇനിയും കോൺഗ്രസ്‌ മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്നും കോൺഗ്രസ്‌ ഭാരവാഹികൾ അറിയിച്ചു. രണ്ട് അംഗങ്ങൾ രാജീവച്ചത് ഒഴിച്ചാൽ നിലവിൽ ബിജെപി -7, സിപിഎം- 3, കോൺഗ്രസ്‌ -2, എസ്. ഡി. പി. ഐ -2, സി. പി. ഐ -1, ജനതാദൾ -1 ഇങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.