ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാൻ ബലിയർപ്പിച്ചത് സ്വന്തം ജീവൻ..

പരവൂരിൽ കടലിൽ തിരയിൽ അകപ്പെട്ട രണ്ടു വിദ്യാർത്ഥിനികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ കൊല്ലം പുനലൂർ സ്വദേശി കാഞ്ഞിരമല അനസ് മൻസിലിൽ അൻസർ (30) മരണപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജോലിക്കാരനായിരുന്ന അൻസർ ജോലി സംബന്ധമായ ആവശ്യത്തിനാണ് പരവൂരിൽ എത്തുന്നത്. 
കസ്റ്റമർ എത്താൻ വൈകിയതിനാൽ വിശ്രമിക്കാനായിരുന്നു അൻസർ കൊല്ലം താന്നി കടപ്പുറത്തേക്ക് പോയത്. ഈ സമയത്താണ് രണ്ടു പെൺകുട്ടികൾ കടലിലെ ഒഴുക്കിൽ അകപ്പെട്ടത് കാണുന്നത്. കൊട്ടാരക്കര കോളേജിലെ വിദ്യാർത്ഥിനികളായിരുന്നു അവർ. അൻസർ ഉടൻ തന്നെ അവരെ രക്ഷിക്കാനായി കടലിലേക്ക് ഇറങ്ങി. ഒരാപത്തും ഇല്ലാതെ പെൺകുട്ടികളെ കരയ്ക്കെത്തിക്കാൻ സാധിച്ചെങ്കിലും അൻസർ തിരയിൽ അകപ്പെടുകയായിരുന്നു.പരവൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് അൻസറിൻ്റെ മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റുമാർട്ടത്തിന് ശേഷം അൻസറിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ദുഖം താങ്ങാനാകാതെ തടിച്ചുകൂടിയത് നിരവധി ആളുകളായിരുന്നു. അൻസറിൻ്റെ ചേതനയറ്റ ശരീരം കണ്ട് ആറു മാസം ഗർഭിണിയായ ഭാര്യ രഹ്ന ഫാത്തിമ കുഴഞ്ഞ് വീണു.ബുധനാഴ്ച ഉച്ചക്ക് ശേഷം അലഞ്ചേരി ജുമാ മസ്ജിദിൽ അൻസറിൻ്റെ ഭൗതിക ശരീരം ഖബറടക്കി.

ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതീക്ഷകൾക്കും ഒടുവിൽ ലഭിച്ച കുഞ്ഞിൻ്റെ മുഖം ഒരുനോക്ക് കാണാനാകാതെയാണ് ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പരിചയമില്ലാത്ത രണ്ടു പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനായി ഈ റംസാൻ മാസത്തിൽ അൻസർ തൻ്റെ ജീവൻ ത്യജിച്ചെത്.