സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവകലാശാല വി.സിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍വകലാശാലയ്ക്ക് വീഴ്ച സംഭവിച്ചെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വെറ്ററിനറി സര്‍വകലാശാല വിസി ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായി. മൂന്ന് ദിവസം സംഭവം പുറത്തറിഞ്ഞില്ല എന്ന് പറയുന്നത് യൂണിവേഴ്‌സിറ്റിയുടെ പരാജയമാണ് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.



അതേസമയം സിപിഎം നേതാക്കള്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണം സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് ആവര്‍ത്തിച്ചു. പ്രതികളെ ഒളിക്കാന്‍ സഹായിച്ച ബന്ധുക്കളും ഇതില്‍ പ്രതിയാണ്. അവരെയും പ്രതി ചേര്‍ക്കണം. നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെങ്കിലും പ്രതിയെ സഹായിക്കുന്നവരെ കുറ്റക്കാരായി കണക്കാക്കണമെന്ന് ജയപ്രകാശ് പറഞ്ഞു.സിന്‍ജോ ജോണ്‍സണ്‍ ആണ് സിദ്ധാര്‍ത്ഥനെ ഏറ്റവും അധികം ക്രൂരമായി മര്‍ദിച്ചത്. അന്വേഷണത്തിലും പ്രതികളുടെ അറസ്റ്റിലും തൃപ്തിയുണ്ട്. പ്രതികള്‍ക്കെതിരെ നിസാര വകുപ്പ് ചുമത്തി രക്ഷപെടുത്താന്‍ ശ്രമിച്ചാല്‍ മറ്റ് ഏജന്‍സികളെ കുറിച്ച് അന്വേഷിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.