*സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് നാലാം ദിനം, ഇന്ന് കിട്ടിയേക്കുമെന്ന് ധനവകുപ്പ്*

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനം. ഇടിഎസ്ബി അക്കൗണ്ടിൽ നിലവിലുള്ള പ്രശ്നം തീർത്ത് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങുമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്. മൂന്നാം ശമ്പളദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കേണ്ടത്. എന്നാല്‍ ഇവര്‍ക്ക് പുറമെ ഒന്നും രണ്ടും പ്രവർത്തി ദിവസങ്ങളിൽ ശമ്പളം കിട്ടേണ്ടിയിരുന്നവരും ഉണ്ട്. ശമ്പള വിതരണത്തിന് ആവശ്യമായ തുക ഇന്ന് ഉച്ചയോടെ ട്രഷറിയിലെത്തിക്കാനാണ് ശ്രമം. അതോടെ ഇടിഎസ്ബി അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത് നീക്കും. പ്രതിസന്ധി കടുത്താല്‍ ശമ്പളം പിന്‍വലിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തുന്നതും ധനവകുപ്പിന്‍റെ പരിഗണനയിലുണ്ട്. അതേസമയം ശമ്പളം അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് രാവിലെ 11 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.