*പ്രഭാത വാർത്തകൾ*2024 | മാർച്ച് 2 | ശനി |

◾സ്ത്രീയുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ അവരുടെ തീരുമാനമാണ് അന്തിമമെന്ന് ഹൈക്കോടതി. വിവാഹ മോചനത്തിനുള്ള നടപടി തുടങ്ങിയാല്‍ 20 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്നാണ് 23 കാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. എന്റെ ശരീരം എന്റെ സ്വന്തമെന്ന യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് വാചകം ഉദ്ദരിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

◾ലോക്‌സഭാ തിരഞ്ഞെടുപ്പും നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണവേളകളിലടക്കം പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാന്യമായും ധാര്‍മിക ബോധത്തോടെയും പെരുമാറണമെന്നും വ്യക്തിപരമായ ആക്രമണങ്ങള്‍ക്കുപകരം ആശയ പ്രചാരണത്തിന് മുന്‍തൂക്കം നല്‍കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി.

◾ബജറ്റ് അനുസരിച്ച് ഗഡുക്കളായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതമാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത് എന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളത്തിന് കേന്ദ്ര സഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. നികുതി വിഹിതമായി 2736 കോടി രൂപയും, ഐജിഎസ്ടിയുടെ സെറ്റില്‍മെന്റായി 1386 കോടി രൂപയുമാണ് കഴിഞ്ഞ ദിവസം കേന്ദ്രം അനുവദിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്കു കടന്നതോടെ ഒന്നാം തീയതി ശമ്പളം കിട്ടേണ്ട ഒരുലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചരിത്രത്തിലാദ്യമായി ഇന്നലെ ശമ്പളം മുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. 5 ലക്ഷം പെന്‍ഷന്‍കാരില്‍ ബാങ്കു വഴി പെന്‍ഷന്‍ വാങ്ങുന്ന ഒന്നേകാല്‍ ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്കും ഇന്നലെ രാവിലെ പണമെത്തിക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആകെയുള്ള അഞ്ചേകാല്‍ ലക്ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ സെക്രട്ടേറിയറ്റ്, റവന്യു, പൊലീസ്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ആദ്യ ദിവസം ശമ്പളം നല്‍കുന്നത്.

◾പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 19 പേര്‍ക്ക് 3 വര്‍ഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തി. പ്രതി പട്ടികയിലുള്ള 18 പേര്‍ക്ക് പുറമെ ഒരാള്‍ക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഈ കാലയളവില്‍ പ്രവേശനം നേടാനാകില്ല. 
◾കൊല്ലത്ത് രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട് വെളിയം സ്വദേശി അൽതാഫ് ചിതറ കിഴക്കുംഭാഗം സ്വദേശി കാശീനാഥ്.
ഇവർക്കായി DYSPയുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി പ്രദേശത്ത് അന്വേഷണം നടത്തുന്നുണ്ട്.

◾സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കേസില്‍ പ്രതിയായ ഒരാള്‍കൂടി ഇന്നലെ കീഴടങ്ങിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന മൂന്നുപേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്.

◾സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡീനെയും പ്രതിയാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥിനെതിരെ മരണശേഷവും പരാതി കെട്ടിച്ചമച്ചു. മരിച്ചയാള്‍ക്കെതിരായ പരാതി പരിശോധിക്കാന്‍ ആഭ്യന്തര പരാതി പരിഹാരസമിതി രണ്ടുദിവസം യോഗവും ചേര്‍ന്നിരുന്നുവെന്നും ആരോപണമുണ്ട്.
◾സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന സന്ദേശവും ശിവന്‍കുട്ടി അറിയിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു. യാതൊരുവിധ രാഷ്ട്രീയ താല്‍പര്യവും ഇക്കാര്യത്തില്‍ പരിഗണിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി.

◾വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ എസ്.എഫ്.ഐ നടത്തിയ കൊലപാതകം തേച്ചുമായ്ച് കളയാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല. നാട്ടിലേക്ക് വന്ന കുട്ടിയെ തിരിച്ച് വിളിച്ചാണ് എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദ്ദിച്ചത്. സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ ലഭിച്ച വിവരം മരിച്ചുവെന്ന് ഉറപ്പ് വരുത്തി റൂമില്‍ കെട്ടിതൂക്കി എന്നാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരവും കൊലപാതകമാണ്. റിപ്പോര്‍ട്ട് താന്‍ കണ്ടിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

◾ഇക്കാലത്തും ഒരു കുട്ടിക്ക് ഇത്തരത്തില്‍ അക്രമം സഹിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലാണ് ദാരുണമായ സംഭവം നടന്നതെന്നും രാഹുല്‍ ഗാന്ധി യാത്ര നിര്‍ത്തി മണ്ഡലത്തിലെ കുട്ടികളെ സംരക്ഷിക്കണമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾മെയ് ഒന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കണമെന്ന് ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒമാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നിര്‍ദേശം. പരിഷ്‌കരണങ്ങള്‍ നടപ്പിലായില്ലെങ്കില്‍ ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒമാര്‍ക്കെതിരെ നടപടിയെടുക്കും. നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളില്‍ തന്നെ പുതിയ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കണം എന്നും നിര്‍ദേശമുണ്ട്.

◾കെ.എസ്.ആര്‍.ടി.സി മധ്യനിര മാനേജ്മെന്റ് ശക്തിപ്പെടുത്താന്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഏഴുപേരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടെന്ന് ആരോപണം. പ്രൊഫ.സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം നിയമിതരായവര്‍ക്കാണ് വ്യാഴാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വെള്ളിയാഴ്ച മുതല്‍ ജോലിക്ക് വരേണ്ടതില്ലെന്ന വിവരം ഇ-മെയിലില്‍ ലഭിച്ചത്.

◾കേരള സര്‍വ്വകലാശാല കലോത്സവത്തിന് 'ഇന്‍തിഫാദ' എന്ന പേരിട്ടതിനെ ചൊല്ലി ഹൈക്കോടതിയില്‍ ഹര്‍ജി. 'ഇന്‍തിഫാദ' എന്ന പേര് തീവ്രവാദ ബന്ധമുള്ളതാണ് എന്ന് ആരോപിച്ച് കലോത്സവത്തിന് നല്‍കിയ ഈ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിലമേല്‍ എന്‍എസ്എസ് കോളേജ് വിദ്യാര്‍ത്ഥി ആശിഷ് എ എസ് ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേരള സര്‍വകലാശാലക്കും നോട്ടീസ് അയച്ചു.

◾സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

◾ശബരി കെ റൈസ് ഉടന്‍ വിപണിയില്‍ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഭാരത് അരിക്ക് ബദലായി കേരളം തയ്യാറാക്കുന്ന ശബരി കെ റൈസ് വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ്. സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിന്ന് ഏത് കാര്‍ഡ് ഉടമയ്ക്കും 10 കിലോ അരി വീതം വാങ്ങാം. ഭാരത് റൈസിനേക്കാള്‍ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു.

◾തന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്നും പുലര്‍ച്ചെ നാലുമണിക്ക് താനും മരപ്പട്ടി ശല്യംകാരണം ഉണര്‍ന്നുവെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കായുള്ള ഓഫീസേഴ്‌സ് എന്‍ക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിര്‍വഹിക്കവെ ക്ലിഫ് ഹൗസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി. സതീശനും മരപ്പട്ടി ആക്രമണത്തെക്കുറിച്ച് പറഞ്ഞത്.

◾വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിപിഎം നേതാവ് പി.ജയരാജന്‍. ഇരയെന്ന നിലയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും കേസിന്റെ കാര്യത്തില്‍ കോടതി കാണിച്ചത് നീതീകരിക്കാനാകാത്ത ധൃതിയാണെന്നും ജയരാജന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

◾ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ബുക്കിനുള്ള നിരക്ക് 30 രൂപയാക്കി ഉയര്‍ത്തിയ സര്‍ക്കുലറിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ സൂപ്രണ്ട് തീരുമാനം പിന്‍വലിച്ചു. കിടത്തി ചികിത്സക്ക് വരുന്ന രോഗികളുടെ അഡ്മിഷന്‍ ബുക്കിന് പഴയനിലയില്‍ സൗജന്യ നിരക്കായ 10 രൂപ മാത്രമാകും ഈടാക്കുക.

◾ദേശീയഗാനം തെറ്റിച്ച് പാടിയ ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെ പരാതി. സമരാഗ്നി പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ആണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി കാര്‍ത്തികേയന്‍ തമ്പിയാണ് പാലോട് രവിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

◾പുത്തന്‍വേലിക്കരയിലെ പതിനാലുകാരിയായ പെണ്‍കുട്ടിയെ പത്തുവര്‍ഷം മുമ്പ് ബലാത്സംഗം ചെയ്തെന്ന കേസില്‍ ഒന്നാം പ്രതിയായ വൈദികന്റെ ശിക്ഷയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി . തടവുശിക്ഷ ഹൈക്കോടതി 20 വര്‍ഷമായി കുറച്ചു. കേസിലെ രണ്ടാം പ്രതിയും എഡ്വിന്‍ ഫിഗറസിന്റെ സഹോദരനുമായ സില്‍വര്‍സ്റ്റര്‍ ഫിഗറസിന്റെ ശിക്ഷ കോടതി റദ്ദാക്കി.

◾നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബസിലുണ്ടായിരുന്ന വനിതാ കണ്ടക്ടര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

◾ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി പിഎസ്സി മാതൃകയിലുള്ള സംവരണം . അധ്യാപക അനധ്യാപക നിയമനങ്ങളിലാണ് ഈ മാതൃക നടപ്പാക്കുന്നത്. മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈ തീരുമാനമെടുത്തതിനെ തുടര്‍ന്ന്, തീരുമാനം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി .

◾കുടമാറ്റം കാണുന്നതിനായി തെക്കേഗോപുര നടയില്‍ നിര്‍മിക്കാറുള്ള വി.ഐ.പി പവലിയന്‍ ഇനി ഉണ്ടാകില്ല. പവലിയന്‍ വേണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍. പവലിയന്‍ സ്ഥാപിക്കുന്നത് സ്ഥല പരിമിതി ഉണ്ടാക്കുന്നുവെന്നും പൂരം ആസ്വാദകര്‍ക്ക് കുടമാറ്റം കാണുന്നത് തടസപ്പെടുത്തുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു.  

◾പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ബാഗിലാക്കി തൃശൂര്‍ റെയില്‍ വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ ഉപേക്ഷിച്ചു. മലപ്പുറം തിരൂരില്‍ താമസിക്കുന്ന കുഞ്ഞിന്റെ അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന് ആദ്യ ഭര്‍ത്താവിലെ കുഞ്ഞിനെ കൊല നടത്തിയെന്നാണ് പോലീസ് പറയുന്നത്. തമിഴ്നാട്ടുകാരായ കാമുകന്‍ ജയസൂര്യന്‍, കുഞ്ഞിന്റെ അമ്മ ശ്രീപ്രിയ, കുഞ്ഞിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന ബന്ധുക്കള്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുന്‍പാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ആദ്യ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് ശ്രീപ്രിയ കാമുകന്‍ ജയസൂര്യനൊപ്പം വരികയായിരുന്നു.

◾സ്‌കൂള്‍ വാനില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് തൃശൂര്‍ പറവട്ടാനിയില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജെറിന്‍ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്.

◾അഫ്ഗാനിസ്ഥാനില്‍ നിന്ന് മലയാളിയായ ഐഎസ് ഭീകരന്‍ പിടിയിലായതായി റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്തത് അഫ്ഗാനിസ്ഥാനി ഏജന്‍സികള്‍ ആണെന്നാണ് സൂചന. അറസ്റ്റ് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലെ ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാമിനെയാണ്. ഇയാളുടെ പാസ്പോര്‍ട്ടും ഫോട്ടോ അടക്കമുള്ള മറ്റു വിവരങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഈ സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ നല്‍കിയിട്ടില്ല.

◾മോദിയുടെ കുടുംബം ജനങ്ങളാണെന്നും ജനങ്ങളുടെ ക്ഷേമമാണ് മോദിക്ക് വലുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരന്റിയില്‍ ഇന്ത്യ വിശ്വസിക്കുന്നുവെന്നും കുടുംബ പാര്‍ട്ടികള്‍ സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കുന്നവയാണെന്നും മോദി കുറ്റപ്പെടുത്തി. കമ്മീഷന്‍ ഇല്ലാതാക്കിയതോടെ ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ക്ക് മോദി വെറുക്കപ്പെട്ടവനായിയെന്നും മോദിയെ ഇല്ലാതാക്കാനാണ് ഇപ്പോള്‍ അവരുടെ ശ്രമമെന്നും മോദി വിമര്‍ശിച്ചു.

◾സന്ദേശ്ഖാലി വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോപണവിധേയനായ നേതാവിനെ തൃണമൂല്‍ സംരക്ഷിക്കുകയായിരുന്നുവെന്നും മമതയ്ക്ക് നാണമില്ലേയെന്നും പ്രധാനമന്ത്രി ചോദിച്ചു. ഗാന്ധിയുടെ മൂന്ന് കുരങ്ങന്‍മാരെ പോലെ ഇന്ത്യാ മുന്നണിയിലെ നേതാക്കള്‍ കണ്ണും ചെവിയും വായും പൂട്ടിയിരിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ ചോദ്യം ചെയ്യാനുള്ള ധൈര്യം ഇവര്‍ക്കാര്‍ക്കുമില്ലെന്നും മോദി കുറ്റപ്പെടുത്തി.

◾പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ മെയ് 1 മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കുമെന്ന് റെയില്‍വേ യൂണിയന്‍ ജോയിന്റ് ഫോറം. ജെഎഫ്ആര്‍ഒപിഎസിന് കീഴിലുള്ള വിവിധ ഫെഡറേഷനുകളുടെ പ്രതിനിധികള്‍ സംയുക്തമായി 19 ന് റെയില്‍വേ മന്ത്രാലയത്തിന് ഔദ്യോഗികമായി നോട്ടീസ് നല്‍കുമെന്നും അറിയിച്ചു.

◾വര്‍ഗീയത ഉളവാക്കുന്നതും വിദ്വേഷം പ്രചരപ്പിക്കുന്നതുമായ ടെലിവിഷന്‍ വാര്‍ത്താ പരിപാടികള്‍ നീക്കം ചെയ്യണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ് അതോറിറ്റി. ചാനലുകള്‍ സംപ്രേഷണം ചെയ്ത വര്‍ഗീയവിദ്വേഷം പരത്തുന്ന പരിപാടികള്‍ക്കെതിരേ ആക്ടിവിസ്റ്റായ ഇന്ദ്രജിത് ഘോര്‍പഡെ നല്‍കിയ പരാതിയിന്മേലാണ് നടപടി. ടൈംസ് നൗ, നവ്ഭാരത്, ന്യൂസ് 18 ഇന്ത്യ, ആജ് തക് എന്നീ ചാനലുകളോട് വിദ്വേഷം ജനിപ്പിക്കുന്ന പരിപാടികള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.

◾ബാംഗ്ലൂരിലെ രാമേശ്വരം കഫേയില്‍ ബോംബ് സ്‌ഫോടനം. പരിക്കേറ്റ 9 പേര്‍ ചികിത്സയിലാണ്. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു. കഫേയില്‍ ബാഗ് കൊണ്ടുവച്ചത് 28-30 വയസ്സ് പ്രായമുള്ള ആളാണെന്ന് കണ്ടെത്തി. കഫേയിലെ സ്‌ഫോടനത്തില്‍ യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂചന.

◾ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടിയ സംഭവത്തില്‍ ലോക്കോ പൈലറ്റായ സന്ദീപ് കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. അച്ചടക്ക അതോറിറ്റിയായ സീനിയര്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണ് ഇത് സംബന്ധിച്ച് നോട്ടീസ് പുറപ്പെടുവിച്ചത്.

◾രാജ്യത്തെ 225 രാജ്യസഭ എംപിമാരില്‍ 33 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 40 എംപിമാര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എഡിആറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 225 പേരില്‍ 31 പേര്‍ കോടീശ്വരന്മാരാണെന്നും സിറ്റിംഗ് എംപിമാരുടെ മൊത്തം ആസ്തി 19,602 കോടി രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

◾വനിത പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്സിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് യുപി വാരിയേഴ്സ്. ഗുജറാത്ത് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി യുപി വാരിയേഴ്സ് അടിച്ചെടുത്തു.

◾പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 42.59 ശതമാനം വര്‍ധനയോടെ 67.28 കോടി രൂപയുടെ ലാഭം നേടി. വിപണിയിലെ സ്വര്‍ണ പണയ ആവശ്യകത വര്‍ധിച്ചതാണ് വളര്‍ച്ചയ്ക്ക് സഹായകമായത്.കമ്പനിയുടെ ആകെ ആസ്തിയില്‍ മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 14.89 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 17.18 ശതമാനത്തിന്റെ വാര്‍ഷിക വരുമാന വളര്‍ച്ചയും കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തത്തിലെ 18.34 ശതമാനത്തില്‍ നിന്നും പലിശ വരുമാനം 19.05 ശതമാനമായും ഉയര്‍ന്നു. 9.03 ശതമാനമാണ് അറ്റ പലിശ വരുമാനത്തിലെ വര്‍ധന. മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് നിലവില്‍ രാജ്യത്ത് 903 ശാഖകളുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഇത് ആയിരത്തിലധികമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

◾ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം 'വിശ്വംഭര' ആരാധകര്‍ക്ക് പ്രതീക്ഷയുള്ളതാണ്. ചിരഞ്ജീവിയുടെ ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശംഭര. സംവിധാനം വസിഷ്ഠ മല്ലിഡിയാണ്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം സിനിമയുടെ സെറ്റില്‍ വിശ്വംഭരയ്ക്ക് വേണ്ടി ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടൂര്‍ കാരത്തിനായി വലിയൊരു വീടിന്റെ സെറ്റ് നിര്‍മിച്ചിരുന്നു. ആ സെറ്റിലാണ് വിശ്വംഭരത്തിന്റെ ഗാന രംഗത്ത് ചിരഞ്ജീവിയും നായിക തൃഷയും പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്നും ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നുമാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് ആ സാധാരണ മനുഷ്യന്‍ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.

◾പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ ജിഷാദ് ഷംസുദ്ദീന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്. സന്‍ഫീര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എം എന്ന ചിത്രത്തിലാണ് ജിഷാദ് അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ പേഴ്സണല്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ജിഷാദ്. കാര്‍ബണ്‍ ആര്‍ക് മൂവീസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം ജിബ്രാന്‍ ഷമീര്‍, പ്രൊജക്റ്റ് ഡിസൈനര്‍ എന്‍ എം ബാദുഷ, സംഗീതം ജുബൈര്‍ മുഹമ്മദ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ക്രിയേറ്റീവ് വര്‍ക്ക്സ് മുഹമ്മദ് ജാസിം, സിനിഫിലെ, ഡിസൈന്‍ തോട്ട് സ്റ്റേഷന്‍, റായിസ് ഹൈദര്‍, ഹെയര്‍ സ്റ്റൈലിസ്റ്റ് മാര്‍ട്ടിന്‍ ട്രൂക്കോ, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.

◾വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് 2025-ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. തൂത്തുക്കുടിയില്‍ 400 ഏക്കര്‍ ഇവി നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് തമിഴ്നാട് സര്‍ക്കാരുമായി കമ്പനി ഇതിനകം ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഒരു ഇലക്ട്രിക് എസ്യുവി, ഇലക്ട്രിക് സ്‌കൂട്ടര്‍, ഇലക്ട്രിക് സൈക്കിള്‍ എന്നിവയ്ക്കായി കമ്പനി മൂന്ന് ഡിസൈന്‍ പേറ്റന്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിയറ്റ്നാമീസ് ബ്രാന്‍ഡ് അതിന്റെ പ്രീമിയം ഇലക്ട്രിക് കാറുകള്‍ക്ക് പേരുകേട്ടതാണെങ്കിലും, ആഭ്യന്തര വിപണിയില്‍ ഇതിന് നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകളും ഉണ്ട്. വിന്‍ഫാസ്റ്റ് ഇപ്പോള്‍ ഇന്ത്യയില്‍ വിന്‍ഫാസ്റ്റ് ക്ലാര എസിനായി ഒരു ഡിസൈന്‍ ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിന്‍ഫാസ്റ്റ് ക്ലാര എസില്‍ 3കിലോവാട്ട് റേറ്റുചെയ്ത ഹബ് മൗണ്ടഡ് മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. വിന്‍ഫാസ്റ്റ് ക്ലാര എസ് ഇലക്ട്രിക് സ്‌കൂട്ടര്‍ 30 കിലോമീറ്റര്‍ വേഗതയില്‍ 65 കിലോഗ്രാം റൈഡറിനൊപ്പം ഒറ്റ ചാര്‍ജില്‍ 194 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇത് ഏകദേശം 1.34 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്.

◾വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞു നാമെത്തുന്നത്, അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. 'ഇതല്ല ജീവിതം.. ഇതല്ല ജീവിതം' എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചുപോയ മനുഷ്യരാണവര്‍. നാമണഞ്ഞ ജീവിതത്തിനും, നാം തിരഞ്ഞ ജീവിതത്തിനുമിടയിലുള്ള ദീര്‍ഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും, ഇരുട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയാറുമാറ്, പ്രസാദത്തിന്റെ ഒരു കനല്‍ വായനക്കാരനെ തേടിയെത്തുന്നു. 'പോയിന്റ് ഓഫ് നോ റിട്ടേര്‍ണി'ലല്ല ആരുമെന്ന് സാരം. കടല്‍ പിന്‍വാങ്ങി കരയെ ഇടമാക്കുന്നതുപോലെ, ഒടുവില്‍ കഥയും കഥാപാത്രങ്ങളുമൊക്കെ പിന്‍വാങ്ങി, അകക്കാമ്പില്‍ പ്രഭയുള്ളൊരു വായനക്കാരന്‍ മാത്രം ബാക്കിയാവുന്നു. 'ഏഴാം ഭ്രാന്തന്‍'. ആന്‍ഷൈന്‍ തോമസ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 209 രൂപ.

◾ചില ഭക്ഷണ കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് നല്ലതാണെങ്കില്‍, ചിലത് വയറിന് പണി തരും. അത്തരത്തിലൊന്നാണ് പാലിനൊപ്പം വാഴപ്പഴം കഴിക്കുന്നത്. നമ്മുക്ക് അറിയാം നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് വാഴപ്പഴം. ശരീരത്തിന് വേണ്ട വിറ്റാമിനുകള്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ്, ഫൈബര്‍ തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ബനാന. എന്നാല്‍ പാലിനൊപ്പം വാഴപ്പഴം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ അത്തരക്കാര്‍ ഈ കോമ്പിനേഷന്‍ ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ വെറുംവയറ്റിലും വാഴപ്പഴം കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം പഴങ്ങള്‍ കഴിക്കുന്നതും നല്ലൊരു ഓപ്ഷനല്ല. കാരണം പഴങ്ങള്‍ വേഗത്തില്‍ ദഹനപ്രക്രിയയിലൂടെ കടന്നുപോകുന്നു. എന്നാല്‍ നിങ്ങളുടെ ഹെവി മീല്‍സ് ദഹിക്കാന്‍ സമയമെടുക്കും. ഇതു മൂലം വയര്‍ വീര്‍ത്തിരിക്കാനും മറ്റ് ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും. തൈരിനൊപ്പം മത്സ്യം കഴിക്കുന്നതും നല്ലൊരു കോമ്പിനേഷനല്ല. മത്സ്യത്തില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തൈര് പെട്ടെന്ന് ദഹിക്കുന്നവയുമാണ്. അതിനാല്‍ മത്സ്യം തൈരുമായി ചേരുമ്പോള്‍, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ബാധിക്കാം. അതിനാല്‍ ഈ കോമ്പിനേഷനും ഒഴിവാക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
ടൈംപീസിലെ രണ്ടുസൂചികള്‍ തമ്മില്‍ സംസാരിക്കുയായിരുന്നു. ചെറിയ സൂചി വലിയ സൂചിയോട് പറഞ്ഞു: ഒരു വിശ്രമമില്ലാത്ത ജീവിതമായിപ്പോയല്ലോ നമ്മുടെ, ഓടിയോടി മടുത്തു.. വലിയ സൂചി ഇത് ശരിവെച്ചു: ശരിയാണ്,.ഇവിടെയുള്ള എല്ലാവര്‍ക്കും വിശ്രമിക്കാന്‍ സമയമുണ്ട്.. എന്തിന് ഈ വീട്ടിലെ പട്ടിയും പൂച്ചയും വരെ വിശ്രമിക്കുന്നു.. നമുക്ക് മാത്രം വിശ്രമമില്ല. ചെറിയസൂചി പറഞ്ഞു: നമുക്കും ഒന്ന് വിശ്രമിച്ചാലോ? കുറെയായില്ലേ ഓടുന്നു.. അങ്ങനെ രണ്ടുപേരും ചേര്‍ന്ന് വിശ്രമിക്കാന്‍ തീരുമാനമെടുത്തു. രാവിലെ ഉടമസ്ഥന്‍ വന്ന് നോക്കിയപ്പോള്‍ രണ്ടുസൂചികളും ഓടാതെ നില്‍ക്കുന്നു. അയാള്‍ ബാറ്ററിമാറ്റി നോക്കി. കീ കൊടുത്തുനോക്കി.. ഒരു രക്ഷയുമില്ല. അയാള്‍ ആ ടൈംപീസിനെ അടുത്തുള്ള കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞു.. അപ്പോഴാണ് തങ്ങളുടെ ദുരവസ്ഥ അവര്‍ തിരിച്ചറിഞ്ഞത്. ഓരോരുത്തര്‍ക്കും ഓരോ നിയോഗങ്ങളും പ്രവര്‍ത്തനമേഖലകളുമുണ്ട്. മറ്റുളളവരുടേതുമായി താരതമ്യം ചെയ്ത് അവയെ വിലയിരുത്താനോ അളക്കാനാ സാധിക്കുകയില്ല. അപരനെ നോക്കി പണിയെടുക്കുകയും പ്രവര്‍ത്തനനിരതരാകുകയും ചെയ്യുന്നവര്‍ക്ക് സംതൃപ്തിയോ സമാധാനമോ ഉണ്ടാകില്ല. സ്വന്തം കര്‍മ്മശേഷി നിലക്കാനുളള സാധ്യതകളും സാഹചര്യങ്ങളും ചുററിനുമുണ്ടാകും. അവയെ പ്രതിരോധിക്കാനാകും വിധം സ്വയം പ്രചോദിപ്പിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.