ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തജനത്തിരക്കില്‍ തലസ്ഥാനം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ മാത്രം. ഭക്തിസാന്ദ്രമാണ് തലസ്ഥാനം. രാവിലെ മുതൽ ക്ഷേത്ര ദർശനത്തിന് ഭക്തരുടെ നീണ്ട നിരയാണ്. ദിവസങ്ങൾക്ക് മുന്നെ പൊങ്കാല നിവേദ്യം ഒരുക്കാന്‍ സ്ഥലം കണ്ടെത്തി കാത്തിരിക്കുന്നവരാണ് പലരും.

പത്തരയ്ക്കാണ് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീപകരുക. ഉച്ചയ്ക്ക് രണ്ടര മണിക്ക് പൊങ്കാല നിവേദ്യം അർപ്പിക്കും. സുരക്ഷയ്ക്കായി നഗരത്തിലുടനീളം പൊലീസ് വിന്യാസമൊരുക്കിയിട്ടുണ്ട്. ഇന്ന് മുതൽ നാളെ രാത്രി എട്ട് മണി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണവുമുണ്ട്. ഞായറാഴ്ച്ച ആയതിനാല്‍ മുന്‍വർഷത്തേക്കാളെറെ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.

ക്ഷേത്രത്തിന് സമീപത്ത് വാഹന പാര്‍ക്കിംഗ് നിരോധിച്ചിരിക്കുകയാണ്. റെയില്‍വെയും കെഎസ്ആര്‍ടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സര്‍വ്വീസ് നടത്തും. സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.