ആറ്റുകാല്‍ പൊങ്കാലയ്ക്കായി സര്‍ക്കാര്‍ വകുപ്പുകള്‍ സജ്ജം, മന്ത്രിതല അവലോകന യോഗം ചേര്‍ന്നു

**അന്നദാനം നടത്തുന്നവര്‍ക്ക് സൗജന്യ രജിസ്ട്രേഷൻ പോര്‍ട്ടൽ

**സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം തടയാന്‍ പ്രത്യേക നിരീക്ഷണം

ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആറ്റുകാലിൽ അവലോകന യോഗം ചേര്‍ന്നു. പൊങ്കാലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങള്‍ ഫെബ്രുവരി 17ന് മുമ്പ് പൂര്‍ണമാക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ കർശന നിരീക്ഷണമുണ്ടാകും. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ റോഡരികിൽ മരങ്ങളോ വാഹനങ്ങളോ ഉണ്ടെങ്കിൽ അവ അടിയന്തരമായി നീക്കം ചെയ്യും. എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണം കര്‍ശനമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, ആന്റണി രാജു എം.എല്‍.എ എന്നിവരും പങ്കെടുത്തു.