വർക്കല കവലൂരിൽ നായ കാവലില്‍ ലഹരികച്ചവടം; പ്രതികള്‍ പൊലീസ് പിടിയില്‍

തിരുവനന്തപുരം: വളര്‍ത്തുനായ്ക്കളെ കാവലാക്കി വീണ്ടും ലഹരിക്കച്ചവടം. വര്‍ക്കല കവലൂരിലാണ് സംഭവം. മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. കവലയൂർ സ്വദേശി നീലന്‍ എന്ന് വിളിക്കുന്ന ഷെെന്‍, ആറ്റിങ്ങല്‍ സ്വദേശി രാഹുല്‍, നഗരൂര്‍ സ്വദേശി ബിജോയ് എന്നിവരാണ് പൊലീസ് പിടിയിലായത്. സ്ഥലത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു.

ലഹരി കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ ഏഴ് നായ്ക്കള്‍ എടുത്തുചാടുകയായിരുന്നു. തന്ത്രപൂര്‍വ്വം നായ്ക്കളെ മുറിക്കുള്ളിലാക്കി പൂട്ടിയശേഷമാണ് പ്രതികളെ പിടികൂടിയത്. പൊതികളാക്കി ലഹരി വില്‍ക്കാനുള്ള ഉപകരണങ്ങളും ത്രാസും പിടികൂടി.നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കൊശമറ്റം സ്വദേശി റോബിന്‍ ജോര്‍ജ്ജ് നേരത്തെ പൊലീസ് പിടിയിലായിരുന്നു. നായ പരിശീലനത്തിന്റെയും സംരക്ഷണത്തിന്റെയും മറവില്‍ കോട്ടയം കുമാരനല്ലൂരിലെ വാടക വീട്ടിലാണ് റോബിന്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം നടത്തിയ റെയ്ഡില്‍ 18 കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു. റെയ്ഡിന് എത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ റോബിന്‍ നായ്ക്കളെ അഴിച്ചുവിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.