പതിവില്ലാത്ത കാഴ്ച, ആദ്യം അമ്പരന്നു !, പള്ളിത്തുറയിൽ വലയിൽ കുരുങ്ങി തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു

പള്ളിത്തുറ : തിരുവനന്തപുരത്ത് പള്ളിത്തുറ കടപ്പുറത്ത് കരമടിവലയിൽ കുടുങ്ങി കരയ്ക്കടിഞ്ഞ തിമിംഗല സ്രാവിനെ പള്ളിതുറയിലെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തിരിച്ചു വിട്ടു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട തിമിംഗില സ്രാവാണ് വലയിൽ കുടുങ്ങിയത്. വ്യാഴായ്ച്ച രാവിലെ 8:30 യോടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ രാജു സ്റ്റീഫന്റെ കരമടി വലയിൽ കുടുങ്ങിയ 7 മീറ്ററോളം വലിപ്പമുള്ള തിമിംഗലസ്രാവിനെ കണ്ട മത്സ്യത്തൊഴിലാളികൾ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ അധികൃതരെ വിവരം അറിയികുകയായിരുന്നു . വിവരമറിഞ്ഞ് WTI Whale Shark Conservation Project കേരള ടീം അംഗവും, മത്സ്യത്തൊഴിലാളി പ്രതിനിധിയായ അജിത് ശംഖുമുഖത്തിന്റെ നിർദ്ദേശത്തെ തുടർന്ന് മത്സ്യതെഴിലാളികൾ സ്രാവിനെ വലയിൽ നിന്നും രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ഒടുവിൽ രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തിമിംഗല സ്രാവിനെ മത്യത്തൊഴിലാളികൾ വല മുറിച്ച് കടലിലേക്ക് തിരിച്ചു വിട്ടു. ലോകത്തിലെ ഏറ്റവും വലിയ മീനായ തിമിംഗല സ്രാവുകൾ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിലാണ് ഉൾപ്പെട്ടിട്ടുള്ളത്.  

ഒരു വർഷത്തിനുള്ളിൽ ഇത് 9-ാമത്തെ തിമിംഗലസ്രാവിനെയാണ് WTI-യുടെ നേതൃത്വത്തിൽ തിരികെ കടലിലേക്ക് വിടുന്നത്. അടുത്തിടെ തുമ്പയിൽ വലയിൽ കുടുങ്ങി കരയ്ക്കടിഞ്ഞ തിമിംഗലസ്രാവ് ചത്തിരുന്നു. വലമുറിച്ച് സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാൻ മത്സ്യത്തൊഴിലാളികൾ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മത്സ്യത്തൊഴിലാളികളുടെ കമ്പിവലയിൽ കുരുങ്ങിയ തിമിംഗില സ്രാവിനെ കടലിലേക്ക് തള്ളിവിടാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ സ്രാവ് ചാവുകയായിരുന്നു